കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ദുബായില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന മറ്റൊരു ഈജിപ്ഷ്യന്‍ പൗരനാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. നാട്ടിലുള്ള തന്റെ സുഹൃത്തിന് വിസ തേടിയാണ് പരാതിക്കാരന്‍, ബിസിനസുകാരനായ പ്രതിയെ സമീപിച്ചത്. 

ദുബായ്: ഇസ്‍ലാമിനെ നിന്ദിച്ച കുറ്റത്തിന് അറസ്റ്റിലായ പ്രവാസി വ്യവസായിക്കെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. 34കാരനായ ഈജിപ്ഷ്യന്‍ പൗരനെതിരെയാണ് മതവിദ്വേഷം, മതത്തിന്റെ പേരിലുള്ള വിവേചനം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിരിക്കുന്നത്. ഇയാള്‍ക്ക് നിയമപരമായുള്ള പരമാവധി ശിക്ഷ നല്‍കണമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ വര്‍ഷം നവംബര്‍ 26നാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ദുബായില്‍ ഇലക്ട്രീഷനായി ജോലി ചെയ്യുന്ന മറ്റൊരു ഈജിപ്ഷ്യന്‍ പൗരനാണ് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. നാട്ടിലുള്ള തന്റെ സുഹൃത്തിന് വിസ തേടിയാണ് പരാതിക്കാരന്‍, ബിസിനസുകാരനായ പ്രതിയെ സമീപിച്ചത്. ഈയാള്‍ ആവശ്യപ്പെട്ടതനുസരിച്ച് വിസയ്ക്ക് 13,000 ദിര്‍ഹം നല്‍കി.

എന്നാല്‍ സുഹൃത്ത് ദുബായിലെത്തിയതിന് പിന്നാലെ പ്രതി വിസ റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ മാനവവിഭവശേഷി മന്ത്രാലത്തില്‍ പരാതി നല്‍കി. നവംബര്‍ 26ന് ഇവരുടെ പരാതി പരിഗണിക്കുന്നതിനിടെ ഇരുവരും തമ്മില്‍ സംസാരിച്ചു. പണം വാങ്ങിയ ശേഷം വിസ റദ്ദാക്കിയത് എന്തിനാണെന്ന് പരാതിക്കാരന്‍ ചോദിച്ചപ്പോള്‍ ഇയാളെ പ്രതി അസഭ്യം പറയുകയും ഇയാളുടെ മതത്തെ മോശമാക്കി സംസാരിക്കുകയുമായിരുന്നു. ഇതോടെ ഇവര്‍ അല്‍ റാഷിദിയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

ഡിസംബര്‍ അഞ്ചിനാണ് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. മേയ് 19ന് കോടതി ശിക്ഷ വിധിക്കും.