നയിഫ് ഏരിയയില്‍ കടയുടമയെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്ന ശേഷം എടിഎം കാര്‍ഡും പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ച കേസിലാണ് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.

ദുബൈ: കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് 18 വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രവാസി ഇന്ത്യക്കാരന്റെ മോചനാപേക്ഷ ദുബൈ പ്രാഥമിക കോടതി തള്ളി. 2003ല്‍ നടന്ന കൊലപാതകത്തിന് ശിക്ഷിക്കപ്പെട്ട പ്രതി ആ വര്‍ഷം മുതല്‍ ദുബൈ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്.

ഇത് രണ്ടാം തവണയാണ് ഇയാളുടെ മോചനാപേക്ഷ തള്ളുന്നത്. ഇതിന് മുമ്പ് 2017ലും മോചനം ആവശ്യപ്പെട്ട് പ്രതി കോടതിയെ സമീപിച്ചിരുന്നു. നയിഫ് ഏരിയയില്‍ കടയുടമയെ തലയ്ക്കടിച്ച് വീഴ്ത്തി കഴുത്തറുത്ത് കൊന്ന ശേഷം എടിഎം കാര്‍ഡും പണവും മൊബൈല്‍ ഫോണും കൊള്ളയടിച്ച കേസിലാണ് ഇന്ത്യക്കാരന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രതികളിലൊരാള്‍ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നു. ഇയാളുടെ മുഖം ക്യാമറയില്‍ പതിഞ്ഞതായണ് കേസില്‍ വഴിത്തിരിവായത്. ഇയാളെ പിടികൂടിയതോടെ കൂട്ടുപ്രതികളുടെയും വിവരം ലഭിച്ചു.

ഇന്ത്യക്കാരനാണ് കടയുടമയെ തലയ്ക്കടിച്ച് വീഴ്ത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഇതേ തുടര്‍ന്ന് ഇയാള്‍ക്കും പാകിസ്ഥാന്‍ സ്വദേശികളായ മറ്റ് പ്രതികള്‍ക്കും ശിക്ഷ വിധിക്കുകയായിരുന്നു. തടവുശിക്ഷയ്ക്ക് ശേഷം ഇവരെ നാടുകടത്തും. കേസിലെ മൂന്നാം പ്രതി സംഭവത്തിന് ശേഷം രാജ്യം വിട്ടിരുന്നു. പിന്നീട് 2016ല്‍ തിരിച്ച് രാജ്യത്ത് എത്തിയപ്പോഴാണ് ഇയാള്‍ പിടിയിലായത്. കൊലപാതകം നടക്കുമ്പോള്‍ ഇന്ത്യക്കാരന് 22 വയസ്സായിരുന്നു പ്രായം. 

യുഎഇയിലെ നിയമപ്രകാരം ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് 15 വര്‍ഷത്തിന് ശേഷം മോചനത്തിന് അപേക്ഷിക്കാം. തടവുകാരന്റെ സ്വഭാവം, മോചിപ്പിച്ചാല്‍ പ്രശ്‌ന സാധ്യതയുണ്ടോ എന്നിവയെല്ലാം പ്രത്യേക കമ്മറ്റി പരിശോധിച്ച ശേഷമാണ് അപേക്ഷയില്‍ കോടതി വിധി പറയുക. മോചനാപേക്ഷ ഒരിക്കല്‍ തള്ളിയാല്‍ പിന്നീട് രണ്ടുവര്‍ഷത്തിന് ശേഷം മാത്രമാണ് വീണ്ടും അപേക്ഷിക്കാന്‍ സാധിക്കുക.