തന്റെ 16.9 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ സ്റ്റോറിയായാണ് ശൈഖ് ഹംദാൻ ചെണ്ടമേളത്തിന്റെ ചിത്രം പങ്കുവെച്ചത്.

ദില്ലി: കേരളത്തനിമയിൽ അലിഞ്ഞുചേർന്ന് ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം. ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ ശൈഖ് ഹംദാന് ദില്ലി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലഭിച്ചത് ഊഷ്മളമായ വരവേൽപ്പായിരുന്നു. ഇതിന്റെ ചിത്രങ്ങൾ ശൈഖ് ഹംദാൻ തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരുന്നു. 

പങ്കുവെക്കപ്പെട്ട ചിത്രങ്ങളിൽ കേരളത്തിന്റെ തനത് മേള വാദ്യമായ ചെണ്ടമേളം ആസ്വദിക്കുന്നതും ഉണ്ടായിരുന്നു. അദ്ദേഹം എത്തിയ വിമാനത്തിന്റെ പശ്ചാത്തലത്തിൽ നാല് മേളക്കാർ ചെണ്ട കൊട്ടുന്നതാണ് ചിത്രം. ഈ ചിത്രങ്ങൾക്ക് വളരെ സ്വീകാര്യതയാണ് സാമൂഹിക മാധ്യമങ്ങളിൽ ലഭിച്ചത്. തന്റെ 16.9 ദശലക്ഷം ഫോളോവേഴ്സ് ഉള്ള ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ സ്റ്റോറിയായാണ് ശൈഖ് ഹംദാൻ ചെണ്ടമേളത്തിന്റെ ചിത്രം പങ്കുവെച്ചത്. യുഎഇയിലെ ഇന്ത്യൻ പ്രവാസികളിൽ ഏറെപ്പേരും മലയാളികളാണ്. മലയാളക്കരയുടെ തനത് സാംസ്കാരിക പാരമ്പര്യം കാണിക്കുന്നതായിരുന്നു ശൈഖ് ഹംദാൻ പങ്കുവെച്ച ഫോട്ടോ.

വിമാനത്താവളത്തിലെത്തിയ ശൈഖ് ഹംദാനെ കേന്ദ്ര സഹമന്ത്രി സുരേഷ് ​ഗോപിയും യുഎഇയിലെ ഇന്ത്യൻ സ്ഥാനപതി സഞ്ജയ് സുധീറും ചേർന്നാണ് സ്വീകരിച്ചത്. ഡൽഹിയിലും മുംബൈയിലും ലഭിച്ച ആവേശോജ്വല സ്വീകരണത്തിന് ശൈഖ് ഹംദാൻ നന്ദി അറിയിക്കുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ശൈഖ് ഹംദാൻ ഇന്ത്യയിലെത്തിയത്. ദുബൈ കിരീടാവകാശി എന്ന നിലയിൽ ശൈഖ് ഹംദാൻ ഇന്ത്യയിലേക്ക് നടത്തുന്ന ആദ്യ ഔദ്യോ​ഗിക സന്ദർശനമാണ് ഇത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായും വിദേശകാര്യ മന്ത്രി ഡോ. എസ്. ജയ്ശങ്കർ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് എന്നിവരുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. ഒട്ടേറെ മന്ത്രിമാരും മുതിർന്ന സർക്കാർ ഉദ്യോ​ഗസ്ഥരും ബിസിനസ് പ്രമുഖരും ഉൾപ്പെടുന്ന സംഘം ശൈഖ് ​ഹംദാനെ അനു​ഗമിച്ചെത്തിയിട്ടുണ്ട്. 

read more: ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ഇന്ത്യയിലെത്തി, സ്വീകരിച്ച് സുരേഷ് ​ഗോപി