Asianet News MalayalamAsianet News Malayalam

ദുബൈ കസ്റ്റംസിന്റെ സഹകരണത്തോടെ വന്‍ മയക്കുമരുന്ന് വേട്ട; രണ്ടു ടണ്‍ ലഹരിമരുന്ന് പിടിച്ചെടുത്തു

ഷിപ്പിങ് കണ്ടെയ്‌നറുകളില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്.

Dubai Customs and Australian authorities cooperate for drug haul
Author
First Published Sep 30, 2022, 7:52 PM IST

ദുബൈ: ഓസ്‌ട്രേലിയയിലെ സിഡ്‌നി തുറമുഖത്ത് ദുബൈ കസ്റ്റംസിന്റെ സഹകരണത്തോടെ വന്‍ ലഹരിമരുന്ന് വേട്ട. രണ്ട് ടണ്‍ മെത്താംഫെറ്റാമൈന്‍ ആണ് പിടിച്ചെടുത്തത്. 2019ന് ശേഷം ഓസ്‌ട്രേലിയയില്‍ നടന്ന ഏറ്റവും വലിയ ലഹരിമരുന്ന് വേട്ടയാണിത്. 

ഷിപ്പിങ് കണ്ടെയ്‌നറുകളില്‍ നിന്നാണ് ലഹരിമരുന്ന് പിടികൂടിയത്. ഇന്റലിജന്‍സ് വഴി ഷിപ്പ്‌മെന്റുകള്‍ ട്രാക്ക് ചെയ്യുകയും വിശകലനം ചെയ്യുകയും ഈ വിവരങ്ങള്‍ ഓസ്‌ട്രേലിയന്‍ അധികൃതര്‍ക്ക് ഉടന്‍ കൈമാറുകയും ചെയ്യുകയായിരുന്നെന്ന് പോര്‍ട്ട്‌സ്, കസ്റ്റംസ് ആന്‍ഡ് ഫ്രീ സോണ്‍ കോര്‍പ്പറേഷന്‍ (പിസിഎഫ്‌സി) സിഇഒയും ദുബൈ കസ്റ്റംസ് ഡയറക്ടര്‍ ജനറലുമായ അഹമ്മദ് മഹ്ബൂബ് മുസാബിഹ് പറഞ്ഞു. 

Read More: തണ്ണിമത്തനിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ചത് ഏഴു ലക്ഷത്തിലേറെ ലഹരി ഗുളികകള്‍; അഞ്ചുപേര്‍ പിടിയില്‍

പോര്‍ട്ട് ബോട്ടണിയിലെ ഒരു ബര്‍ത്തില്‍ എത്തിയ 24 കണ്ടെയ്‌നറുകളില്‍ ഒളിപ്പിച്ച 748 കിലോഗ്രാം മെത്താംഫെറ്റാമൈന്‍ കണ്ടെത്തിയതോടെ ഈ വര്‍ഷം ഓഗസ്റ്റില്‍ ഇതുമായി ബന്ധപ്പെട്ട് ഒരു സംഘത്തെ ഓസ്‌ട്രേലിയന്‍ അധികൃതര്‍ അറസ്റ്റ് ചെയ്തതായി ദുബൈ കസ്റ്റംസിലെ ഇന്റലിജന്‍സ് വിഭാഗം ഡയറക്ടര്‍ മുഹമ്മദ് അല്‍ സുവൈദി പറഞ്ഞു. ഇതേ തുറമുഖത്ത് എത്തിയ 19 കണ്ടെയ്‌നറുകളില്‍ നിന്ന്  1,060  കിലോഗ്രാം മെത്താംഫെറ്റാമൈനും പിടിച്ചെടുത്തിരുന്നു. ദുബൈ കസ്റ്റംസുമായുള്ള സഹകരണത്തെ പ്രശംസിച്ച ദുബൈയിലെ ഓസ്‌ട്രേലിയന്‍ കോണ്‍സുലേറ്റ് ജനറലിലെ മിഡില്‍ ഈസ്റ്റ് ആന്‍ഡ് ആഫ്രിക്ക റീജിയണല്‍ ഡയറക്ടര്‍ കോളിന്‍ ഡ്രൈസ്‌ഡേല്‍, യുഎഇയുടെയും കള്ളക്കടത്ത് തടയുന്നതിനായി ജാഗ്രത പുലര്‍ത്തുകയും അശ്രാന്ത പരിശ്രമം നടത്തുകയും ചെയ്യുന്ന ദുബൈ കസ്റ്റംസിന്റെയും പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ചു. 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഷാര്‍ജയില്‍  216 കിലോഗ്രാം ലഹരിമരുന്ന് കടത്താനുള്ള ശ്രമം പൊലീസ് പരാജയപ്പെടുത്തിയിരുന്നു. 'പ്രഷ്യസ് ഹണ്ട്' എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ഷാര്‍ജ പൊലീസ്, അബുദാബി, ഉമ്മുല്‍ഖുവൈന്‍ പൊലീസുമായി സഹകരിച്ച് ലഹരിമരുന്ന് കടത്ത് തടഞ്ഞത്. വ്യാഴാഴ്ചയാണ് ഷാര്‍ജ പൊലീസ് ഇക്കാര്യം അറിയിച്ചത്. 

സംഭവത്തില്‍ ഒരു ഏഷ്യക്കാരനെ അറസ്റ്റ് ചെയ്തു. 170 കിലോഗ്രാം കഞ്ചാവ്,  46 കിലോഗ്രാം ക്രിസ്റ്റല്‍ മെത്ത്,  500,000 ക്യാപ്റ്റഗണ്‍ ഗുളികകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. അന്താരാഷ്ട്ര ലഹരിമരുന്ന് കടത്ത് സംഘം വന്‍ തോതില്‍ ലഹരിമരുന്ന് സമുദ്രമാര്‍ഗം രാജ്യത്തേക്ക് കടത്താന്‍ പദ്ധതിയിടുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നെന്ന് ആന്റി നാര്‍കോട്ടിക്‌സ് വിഭാഗം ഡയറക്ടര്‍ ലഫ്. കേണല്‍ മാജിദ് അല്‍ ആസം പറഞ്ഞു. ഉടന്‍ തന്നെ പ്രത്യേക സംഘം രൂപീകരിച്ച് വിശദ വിവരങ്ങള്‍ ശേഖരിച്ചു. സംഭവത്തിലെ മുഖ്യപ്രതി നേരത്തെ രാജ്യത്തേക്ക് എത്തിയതായി ഇതോടെ കണ്ടെത്തി.

കടല്‍ മാര്‍ഗം ലഹരിമരുന്ന് കടത്താന്‍ ശ്രമം; പ്രതികള്‍ തീരസംരക്ഷണ സേനയുടെ പിടിയില്‍

തുടര്‍ന്ന് പ്രതിയെ സൂക്ഷ്മമായി നിരീക്ഷിച്ചു. ഇതിന് ശേഷം അടുത്തുള്ള എമിറേറ്റില്‍ നടത്തിയ റെയ്ഡില്‍ പ്രതിയെ കയ്യോടെ പിടികൂടുകയായിരുന്നെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നാല് ലഹരിമരുന്ന് സംഘത്തിന്റെതാണ് പിടിച്ചെടുത്ത ലഹരിമരുന്നെന്ന് പ്രതി കുറ്റസമ്മതം നടത്തി. ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. 

Follow Us:
Download App:
  • android
  • ios