ദുബായ്: ദുബായ്- 2020 എക്സ്പോയുടെ ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചു. ഒരു ദിവസത്തേക്കും മൂന്ന് ദിവസത്തേക്കുമുള്ള പാസുകൾ ലഭ്യമാണ്. അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കും.

ഒരു ദിവസത്തേക്ക് 120 ദിർഹവും മൂന്ന് ദിവസത്തേക്ക് 260 ദിർഹവുമാണ് ടിക്കറ്റ് നിരക്ക്. അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ, 65 വയസ്സിൽ കൂടുതലുള്ളവർ, നിശ്ചയദാർഢ്യമുള്ള വിഭാഗക്കാർ എന്നിവർക്ക് പ്രവേശനം സൗജന്യമാണ്. ആറ് മുതൽ 17 വയസ്സുവരെയുള്ളവർക്കും ഏത് പ്രായക്കാരായ വിദ്യാർഥികൾക്കും 50% ഇളവുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് അടുത്തമാസം മുതൽ അംഗീകൃത ഏജൻസികളിൽ നിന്ന് ടിക്കറ്റുകള്‍ വാങ്ങാം. കൂടുതൽ പേർക്കുള്ള പ്രത്യേക പാക്കേജുകളും ഇവർക്കുണ്ട്. മറ്റുള്ളവർക്ക് അടുത്തവർഷം ഏപ്രിൽ മുതൽ ടിക്കറ്റുകൾ ലഭിക്കും. ഒരുമാസത്തേക്കും നിശ്ചിതദിവസങ്ങളിലേക്കുമുള്ള പാസുകളുമുണ്ട്. 

അടുത്തവർഷം ഒക്ടോബർ 20 മുതൽ 2021 ഏപ്രിൽ 10 വരെ നടക്കുന്ന എക്സ്പോയിൽ ഇന്ത്യ ഉൾപ്പെടെ 192 രാജ്യങ്ങൾ പങ്കെടുക്കും. ആഘോഷങ്ങളുടെ ആഗോള മേളയ്ക്കാണ് ഒരുങ്ങുന്നതെന്ന് എക്സ്പോ 2020 ദുബായ് സീനിയർ വൈസ് പ്രസിഡന്റ് ഗില്യൻ ഹാംബർഗർ പറഞ്ഞു. ദിവസവും അറുപതിലേറെ ലൈവ് പരിപാടികൾ ഉണ്ടാകും. ഘോഷയാത്ര, സംഗീത-നൃത്ത പരിപാടികൾ, ശിൽപശാലകൾ, കാർട്ടൂൺ മേളകൾ, ഹാസ്യവിരുന്നുകൾ എന്നിവ ഇതിലുൾപ്പെടുന്നു. വിവിധരാജ്യങ്ങളിലെ നാടൻ, -ശാസ്ത്രീയ നൃത്തങ്ങളും സംഗീത പരിപാടികളും ആസ്വദിക്കാനാകും. 

ദീപാവലി, യുഎഇ ദേശീയദിനം, ക്രിസ്മസ്, പുതുവത്സരം, വനിതാദിനം എന്നിവയ്ക്കു പ്രത്യേക പരിപാടികളുണ്ടാകും. 2.5 കോടി സന്ദർശകർ എക്സപോ 2020യുടെ ഭാഗമാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. ഒരേക്കര്‍ സ്ഥലത്താണ് ഇന്ത്യൻ പവലിയൻ ഒരുങ്ങുന്നത്. ബഹിരാകാശ സാങ്കേതികവിദ്യ, നിർമിത ബുദ്ധി, ഔഷധനിർമാണം, വിവരസാങ്കേതിക വിദ്യ, പുനരുപയോഗ ഊർജം, വാർത്താവിനിമയം തുടങ്ങിയ രംഗങ്ങളിലെ നേട്ടങ്ങൾ കേന്ദ്രീകരിച്ചാകും ഇന്ത്യ സാന്നിധ്യമറിയിക്കുക.