ദുബായ്: വായ്പകളുടെയും ഇന്‍ഷുറന്‍സ് പോളിസികളുടെയും പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി (ഡി.എഫ്.എസ്.എ) ജാഗ്രതാ നിര്‍ദേശം നല്‍കി.  സ്കിയോ മൈക്രോ ഫിനാന്‍സ് ബാങ്ക് ലിമിറ്റഡ് (Skyo Microfinance Bank Limited) എന്ന വ്യാജ ബാങ്കിന്റെ പേരില്‍ തട്ടിപ്പുകള്‍ക്കുള്ള ശ്രമം നടക്കുന്നുവെന്നാണ് അധികൃതര്‍ അറിയിച്ചത്.

വേഗത്തില്‍ വായ്പ ലഭ്യമാക്കാമെന്ന വാഗ്ദാനവുമായാണ് വ്യാജ ബാങ്കിന്റെ പ്രതിനിധികള്‍ ഉപഭോക്താക്കളെ സമീപിക്കുന്നത്. ലോണ്‍ ലഭ്യമാകണമെങ്കില്‍ നിശ്ചിത തുക ഫീസ് നല്‍കണമെന്നും ആവശ്യപ്പെടും. ഇതിന് പുറമെ ലോണിനുള്ള ഇന്‍ഷുറന്‍സെന്ന പേരിലും അഡ്മിനിസ്ട്രേഷന്‍ ഫീസിനത്തിലും പണം വാങ്ങും. ഇടപാടുകാരെ വിശ്വസിപ്പിക്കാനായി ഡി.എഫ്.എസ്.എയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റും ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ ദുബായ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് അതോരിറ്റി ഇത്തരത്തില്‍ ഏതെങ്കിലും വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കാറില്ലെന്നും തങ്ങളുടേതെന്ന പേരില്‍ ഒപ്പും സീലും ഉള്‍പ്പെടെ പ്രചരിക്കുന്ന സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നും അധികൃതര്‍ അറിയിച്ചു.

വ്യാജ ബാങ്കില്‍ നിന്ന് ലഭിക്കുന്ന ഓഫറുകളോടോ അന്വേഷണങ്ങളോടോ ഒരു തരത്തിലും പ്രതികരിക്കരുത്. ഈ സ്ഥാപനത്തിന്റെ പ്രതിനിധികള്‍ വഴിയോ ഓണ്‍ലൈനായോ പണം നല്‍കരുതെന്നും ഡി.എഫ്.എസ്.എ അറിയിച്ചിട്ടുണ്ട്.