ദുബായ്: മലയാളികളുടെ നേതൃത്വത്തിൽ യുഎഇയ്ക്ക് മറ്റൊരു ഗിന്നസ് റെക്കോര്‍ഡ് നേട്ടം കൂടി. ലോകത്തിലെ ഏറ്റവും വലിയ പൂക്കളമൊരുക്കിയാണ് ദുബായ് ഗിന്നസ് റെക്കോര്‍ഡില്‍ ഇടംനേടിയത്.

യുഎഇയിലെ മലയാളി പൂർവവിദ്യാർഥി കൂട്ടായ്മയായ അക്കാഫും  ഗ്ലോബേഴ്‌സ് എന്റർടൈൻമെന്റ്സും ചേർന്നാണ് ഭീമന്‍ പൂക്കളമൊരുക്കിയത്. ദുബായ് ഫെസ്റ്റിവൽ സിറ്റിയിൽ 150 രാജ്യങ്ങളിൽനിന്നുള്ള 5000 സന്നദ്ധപ്രവർത്തകര്‍ ചേര്‍ന്ന് തീര്‍ത്ത പൂക്കളം ഗിന്നസ് ബുക്കില്‍ ഇടം നേടി.  ഇന്ത്യ, കെനിയ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്ത 50 ടൺ പൂക്കളാണ് നിർമാണത്തിനായി ഉപയോഗിച്ചത്.  95 ശതമാനം പൂക്കളും എത്തിയത് ബെംഗളൂരുവിൽ നിന്നാണ്. 

ഒത്തൊരുമയുടെയും സഹിഷ്ണുതയുടെയും സന്ദേശം ഉയർത്തിക്കാണിച്ചായിരുന്നു ഏറ്റവും വലിയ പൂക്കളത്തിന്റെ നിർമാണം. യുഎഇ പൈതൃകത്തിന്റെ സന്ദേശം കൈമാറുന്നതായിരുന്നു പുഷ്പപരവതാനി. യുഎഇയുടെ സാംസ്കാരിക ചിഹ്നങ്ങളെല്ലാം പൂക്കളത്തിൽ ആലേഖനം ചെയ്തു. നൂറുകണക്കിന് പേരാണ് ലോകത്തെ ഏറ്റവും വലിയ പൂക്കളം കാണാന്‍ ഫെസ്റ്റിവല്‍ സിറ്റിയിലെത്തിയത്. 150 രാജ്യങ്ങളിൽ നിന്നുള്ള  കലാസാംസ്കാരിക പരിപാടികളും ചടങ്ങിനോടനുബന്ധിച്ച് നടന്നു.  സഹിഷ്ണുതാ വർഷത്തിന്റെ ഭാഗമായി യുഎഇ ദേശീയ സഹിഷ്ണുതാ മന്ത്രാലയമാണ് പൂക്കളത്തിനുള്ള സൗകര്യമൊരുക്കിയത്.