ദുബൈ: സന്ദർശകർക്ക് വർണ വിസ്മയം സമ്മാനിക്കാൻ ദുബൈ ഗാർഡൻ ഗ്ലോ ഒരുങ്ങി, കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും ആറാം പതിപ്പില്‍ സന്ദര്‍ശകരെ വരവേല്‍ക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.

സന്ദർശകർക്ക് അപൂർവ ലോകമൊരുക്കി ദുബായ് ഗാർഡൻ ഗ്ലോ ആറാം പതിപ്പിന് തുടക്കമായി. മാജിക് പാർക്ക് ഇത്തവണയും സന്ദര്‍ശകരെ വിസ്മയിപ്പിക്കും. ഇരുപത്തിയഞ്ചിലേറെ മാന്ത്രിക ഫ്രെയിമുകൾ മാജിക് പാർക്കുകളിൽ ഒരുക്കിയിട്ടുണ്ട്. നിലവിലുള്ള ദിനോസർ പാർക്ക്, ഐസ് പാർക്ക്, ഗ്ലോ പാർക്ക്, ആർട്ട് പാർക്ക് എന്നിവയെ നിലനിർത്തികൊണ്ടാണ് പുതിയ മാജിക് പാർക്ക്. വിഷ്വൽ ആർട്ടുകൾ ഉപയോഗപ്പെടുത്തി പ്രകാശത്തിന്റെ സഹായത്തോടെ പ്രത്യേക ലോകമാണ് ഇവിടെ സൃഷ്ടിച്ചിരിക്കുന്നത്. കൈകൾ കൊണ്ടുനിർമിച്ച ലൈറ്റുകളാണ് പൂന്തോട്ടത്തിൽ ഉപയോഗിച്ചിരിക്കുന്നത്. 

മേഖലയിലെ ഏറ്റവും വലിയ ഐസ് പാർക്കും സന്ദർശകർക്ക് പ്രധാന ആകർഷണമാകും. കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിക്കുന്ന ദിനോസർ പാർക്കിൽ മൂന്ന് കാലഘട്ടങ്ങളിലായി ജീവിച്ചിരുന്ന നൂറ് ദിനോസറുകളാണ് കാത്തിരിക്കുന്നത്. ഡിനോ മ്യൂസിയവും അമ്യൂസ്‌മെന്റ് കിയോസ്‌കുകളും രസകരമായ അനുഭവമാണ്. പത്ത് ദശലക്ഷത്തിലധികം എൽ.ഇ.ഡി.ലൈറ്റുകളും റീസൈക്കിൾഡ് തുണിത്തരങ്ങളുമാണ് ഗാർഡൻ ഗ്ലോ അലങ്കരിക്കാൻ ഉപയോഗിച്ചിരിക്കുന്നത്. കൊവിഡിന്റെ പശ്ചാതലത്തില്‍ സുരക്ഷാമാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചായിരിക്കും പാര്‍ക്ക് പ്രവര്‍ത്തിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. വൈകുന്നേരം അഞ്ചുമണി മുതല്‍ 11വരെയാണ് പ്രവര്‍ത്തന സമയം. 65 ദിര്‍ഹമാണ് ടിക്കറ്റ് നിരക്ക്.

"