ദുബൈ: ദുബൈയിലെ സ്വര്‍ണവ്യാപാരികളുടെ കൂട്ടായ്‍മയായ ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ്, ദുബൈ പൊലീസുമായി സഹകരിച്ച് 'സിറ്റി ഓഫ് ഗോള്‍ഡ് എക്സ്പ്ലോര്‍ മാപ്പ്' പുറത്തിറക്കി. ദുബൈ ഗോള്‍ഡ് സൂക്കിലെത്തുന്ന ഉപഭോക്താക്കള്‍ക്ക് ഈ ത്രീഡി മാപ്പിലൂടെ ഒറ്റ ക്ലിക്കില്‍ സ്വര്‍ണവ്യപാര കേന്ദ്രങ്ങളുടെ വിശദ വിവരങ്ങളറിയാം. ലഭ്യമായ ആഭരണ വിഭാഗങ്ങളുടെയും ഗോള്‍ഡ് സൂക്കിലെ സ്റ്റോറുകളുടെയും പൂര്‍ണ വിവരങ്ങളാണ് ഈ മാപ്പില്‍ സജ്ജീകരിച്ചിരിക്കുന്നത്.

'സിറ്റി ഓഫ് ഗോള്‍ഡ് എക്സ്പ്ലോര്‍ മാപ്പിന്റെയും സ്‍കാന്‍ കിയോസ്‍കുകളുടെയും ഉദ്ഘാടന ചടങ്ങില്‍, ദുബൈ പൊലീസ് ഓര്‍ഗനൈസേഷന്‍സ് പ്രൊട്ടക്ടീവ് സെക്യൂരിറ്റി ആന്റ് എമര്‍ജന്‍സി വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ അബ്‍ദുല്ല അലി അല്‍ ഗൈതി, ദുബൈ ഇക്കണോമി കൊമേഴ്‍സ്യല്‍ കണ്‍ട്രോള്‍ വകുപ്പ് ഡയറക്ടര്‍ അബ്‍ദുല്‍ അസീസ് അല്‍ തനക്, ദുബൈ മുനിസിപ്പാലിറ്റി സപ്പോര്‍ട്ട് സര്‍വീസസ് സെക്ടര്‍ സിഇഒ എഞ്ചി. അഹ്‍മദ് മുഹമ്മദ് അബ്‍ദുല്‍ കരീം, ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് മാര്‍ക്കറ്റിങ് വിഭാഗം ചെയര്‍പെഴ്‍സനും ബോര്‍ഡ് അംഗവുമായ ലൈല സുഹൈല്‍, ദുബൈ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍ഡസ്‍ട്രി ബിസിനസ് റിലേഷന്‍ സീനിയര്‍ മാനേജര്‍ മുഹമ്മദ് ബിന്‍ സുലൈമാന്‍ തുടങ്ങിയവരും ദുബൈ പൊലീസ്, ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പ്, ദുബൈ ടൂറിസം എന്നിവയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാര്‍ തൌഹിദ് അബ്‍ദുല്ല, ബോര്‍ഡ് അംഗങ്ങള്‍ തുടങ്ങിയവരും പങ്കെടുത്തു.

പരമ്പരാഗത രീതിയില്‍ സജ്ജമാക്കിയ നടപ്പാതയ്ക്ക ഇരുവശത്തുമായി സജ്ജീകരിച്ച നിലയില്‍ 100 ജ്വല്ലറി സ്റ്റോറുകളുടെ സ്‍ട്രീറ്റ് വ്യൂ ആണ് മാപ്പില്‍ സംവിധാനിച്ചിരിക്കുന്നത്. ഗോള്‍ഡ്, സില്‍വര്‍, ഡയമണ്ട്, മറ്റ് അമൂല്യ രത്നങ്ങള്‍, ഇതര ലോഹങ്ങള്‍ എന്നിവയിലൂള്ള ലക്ഷക്കണക്കിന് ഡിസൈനുകളിലുള്ള ആഭരണങ്ങള്‍ ഈ മാപ്പിലൂടെ കണ്ടെത്താം. ആഭരണങ്ങളുടെ ഇനം തിരിച്ച വിശദ വിവരങ്ങള്‍ മാപ്പിലൂടെ ലഭ്യമാകുമെന്നതിനാല്‍ തങ്ങള്‍ക്ക് ആവശ്യമായ ആഭരണങ്ങള്‍ എവിടെയാണുള്ളതെന്ന് ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ കണ്ടെത്താനാവും. ഉപഭോക്താക്കള്‍ക്കായി മികച്ച ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ എല്ലാത്തരം ഉപകരണങ്ങളിലും മാപ്പ് ലഭ്യമാവുകയും ചെയ്യും.

മൊബൈല്‍ ഫോണുകളില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്ന സംവിധാനങ്ങളിലൊന്നാണ് മാപ്പുകള്‍, അതുകൊണ്ടുതന്നെ പുതിയ ട്രെന്‍ഡിനൊപ്പം സ്വര്‍ണ വിപണന രംഗവും മുന്നോട്ട് നീങ്ങുകയാണെന്ന് ദുബൈ ഗോള്‍ഡ് ആന്റ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തൌഹീദ് അബ്‍ദുല്ല പറഞ്ഞു. 'സിറ്റി ഓഫ് ഗോള്‍ഡ് എക്സ്പ്ലോര്‍ മാപ്പ്' മികച്ചൊരു ഷോപ്പിങ് അനുഭവം ഉപഭോക്താക്കള്‍ക്ക് സമ്മാനിക്കും. ഗോള്‍ഡ് സൂക്കിലെ എല്ലാ സ്റ്റോറുകളുടെയും വിവരങ്ങള്‍ ഇതിലൂടെ ലഭിക്കും. വരുന്ന ഉത്സവ കാലത്തും ദുബൈ ഷോപ്പിങ് ഫെസ്റ്റിവല്‍ സമയത്തും ഗോള്‍ഡ് സൂക്കിലെത്തുന്ന ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ക്ക് ഏറ്റവും അനുയോജ്യമായൊരു ഷോപ്പിങ് പങ്കാളിയായിരിക്കും ഈ മാപ്പെന്നും അദ്ദേഹം പറഞ്ഞു.

മാപ്പിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും മറ്റ് വിവരങ്ങള്‍ക്കും http://dubaicityofgold.com/ സന്ദര്‍ശിക്കുക.