അല്‍ ഖുസൈസിലെ ഒരു വീട്ടിലാണ് ഇരുവരും ജോലി ചെയ്‍തിരുന്നത്. 2016 ഡിസംബറില്‍ സ്‍പോണ്‍സറും കുടുംബവും ഒരു യാത്രയിലായിരുന്ന സമയത്ത് രണ്ട് വീട്ടുജോലിക്കാരികളും ഡ്രൈവറും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. 

ദുബൈ: സ്‍പോണ്‍സറുടെ വീട്ടില്‍ നിന്ന് പണം മോഷ്‍ടിച്ച ശേഷം സ്വന്തം നാട്ടിലേക്ക് രക്ഷപ്പെട്ട വീട്ടുജോലിക്കാരി ആറ് വര്‍ഷത്തിന് ശേഷം തിരിച്ചെത്തിയപ്പോള്‍ അറസ്റ്റിലായി. 41കാരിയായ ഇന്തോനേഷ്യന്‍ സ്വദേശിനി 2016ലാണ് 30,000 ദിര്‍ഹം അപഹരിച്ച് മുങ്ങിയത്. ഇന്തോനേഷ്യക്കാരിയായ മറ്റൊരു യുവതിയും അന്ന് മോഷണത്തിന് ഒപ്പമുണ്ടായിരുന്നു.

അല്‍ ഖുസൈസിലെ ഒരു വീട്ടിലാണ് ഇരുവരും ജോലി ചെയ്‍തിരുന്നത്. 2016 ഡിസംബറില്‍ സ്‍പോണ്‍സറും കുടുംബവും ഒരു യാത്രയിലായിരുന്ന സമയത്ത് രണ്ട് വീട്ടുജോലിക്കാരികളും ഡ്രൈവറും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. യാത്രക്കിടയില്‍ വെച്ച് ഡ്രൈവര്‍ വീട്ടുടമയെ ഫോണില്‍ ബന്ധപ്പെടുകയും രണ്ട് ജോലിക്കാരും പാസ്‍പോര്‍ട്ടുമെടുത്ത് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയതായും അറിയിച്ചു. വീട്ടുടമ ദിവസങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന ബാഗില്‍ നിന്ന് പണം നഷ്ടമായെന്ന് തിരിച്ചറിഞ്ഞത്. 

ഇരുവരും വീട്ടില്‍ ഇല്ലെന്ന് ഡ്രൈവര്‍ മനസിലാക്കും മുമ്പ് തന്നെ ഇവര്‍ രാജ്യം വിട്ടിരുന്നുവെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നത്. ശമ്പളം നാട്ടിലേക്ക് അയച്ചിരുന്ന ഇരുവരും മോഷ്ടിച്ച പണം കൊണ്ടായിരിക്കും വിമാന ടിക്കറ്റ് എടുത്തിരിക്കുകയെന്നും സ്‍പോണ്‍സര്‍ പൊലീസിനോട് പറഞ്ഞു.

വര്‍ഷങ്ങള്‍ക്ക് ശേഷം അടുത്തിടെ ദുബൈയിലെത്തിയപ്പോഴാണ് പഴയ മോഷണക്കേസില്‍ ഇവര്‍ അറസ്റ്റിലായത്. തനിക്കൊപ്പമുണ്ടായിരുന്ന യുവതിയാണ് പണം മോഷ്ടിച്ച് ടിക്കറ്റെടുത്തതെന്ന് ഇവര്‍ പൊലീസിനോട് പറഞ്ഞു. ഇപ്പോള്‍ ഇവര്‍ എന്തിനാണ് യുഎഇയിലേക്ക് തിരികെ വന്നതെന്ന വിവരം രേഖകളില്‍ വ്യക്തമല്ല. മോഷണക്കുറ്റത്തിനാണ് ഇവര്‍ക്കെതിരെ കേസ് ചാര്‍ജ് ചെയ്‍തിരിക്കുന്നത്. കേസില്‍ ഏപ്രില്‍ ആറിന് കോടതി വിധി പറയും.