ദുബായ്: തൊഴില്‍ തട്ടിപ്പിനിരയായി ദുബായില്‍ കുടുങ്ങിയ നാല് ഇന്ത്യക്കാരികളെ കോണ്‍സുലേറ്റ് അധികൃതര്‍ രക്ഷപെടുത്തി. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. സ്ത്രീകള്‍ നാല് പേരും തമിഴ്‍നാട്ടില്‍ നിന്നുള്ളവരാണ്.
 

വ്യാജവിസ നല്‍കി കബളിപ്പിച്ച് യുഎഇയില്‍ എത്തിച്ച സ്ത്രീകളെ തൊഴിലുടമ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയായിരുന്നു. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക അധികൃതരുടെ സഹായത്തോടെ ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അധികൃതര്‍ യുവതികളെ രക്ഷപെടുത്തുകയായിരുന്നുവെന്ന് വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്‍ അറിയിച്ചു. ഇവരെ എത്രയും വേഗം ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള നടപടികള്‍ കോണ്‍സുലേറ്റ് സ്വീകരിച്ചുവരുന്നതായും വിദേശത്തുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തില്‍ നരേന്ദ്രമോദി സര്‍ക്കാര്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും വി. മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

വിസ തട്ടിപ്പുകള്‍ വ്യാപകമായതോടെ നിരവധി തവണ അബുദാബിയിലെ ഇന്ത്യന്‍ എംബസിയും ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റും മുന്നറിയിപ്പുകള്‍ നല്‍കിയിരുന്നു. സന്ദര്‍ശക വിസയില്‍ ഒരു കാരണവശാലും വിദേശത്തേക്ക് ജോലിക്ക് പോവരുതെന്നും എമിഗ്രേഷന്‍ ക്ലിയറന്‍സ് ആവശ്യമുള്ള ഗള്‍ഫ് രാജ്യങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാറിന്റെ ഇ-മൈഗ്രേറ്റ് പോര്‍ട്ടല്‍ വഴി തൊഴില്‍ കരാര്‍ ലഭിച്ചതിന് ശേഷമേ വിദേശത്തേക്ക് പോകാവൂ എന്നും അധികൃതര്‍ അറിയിച്ചിരുന്നു. തട്ടിപ്പുകള്‍ വ്യാപകമായ പശ്ചാത്തലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇ-മൈഗ്രേറ്റ് സംവിധാനം ആരംഭിച്ചത്. അനധികൃതമായി യുഎഇയില്‍ എത്തി ദുരതമനുഭവിച്ചവരുടെ അനുഭവങ്ങള്‍ കൂടി ഉള്‍പ്പെുടുത്തി വലിയ ബോധവത്കരണമാണ് സോഷ്യല്‍ മീഡിയകളിലൂടെയടക്കം വിദേശകാര്യ മന്ത്രാലയം നടത്തുന്നത്.