ദുബൈ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് ഗ്രൂപ്പ്  സി.ഇ.ഒയുമായ ശൈഖ് അഹ‍മ്മദ് ബിന്‍ സഈദ് അല്‍ മക്തൂമാണ് ഇക്കാര്യം അറിയിച്ചത്. 

ദുബൈ: ദുബൈ അന്താരാഷ്‍ട്ര വിമാനത്താവളം (Dubai International Airports) അടുത്ത രണ്ടാഴ്‍ചയ്‍ക്കുള്ളില്‍ പൂര്‍ണശേഷിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങും. കൊവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിന് (covid outbreak) ശേഷം ഇതാദ്യമായാണ് ദുബൈ വിമാനത്താവളം പഴയ ശേഷിയിലേക്ക് മടങ്ങിയെത്തുന്നത്. യുഎഇയ സ്വീകരിച്ച ഫലപ്രദമായ കൊവിഡ് പ്രതിരോധ നടപടികള്‍ കാരണം ഇപ്പോള്‍ പ്രതിദിന രോഗബാധ നൂറില്‍ താഴെയാണ്.

നവംബര്‍ 14ന് ആരംഭിക്കാനിരിക്കുന്ന ദുബൈ എയര്‍ഷോയ്‍ക്ക് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തില്‍വെച്ചാണ് ദുബൈ സിവില്‍ ഏവിയേഷന്‍ അതോരിറ്റി പ്രസിഡന്റും ദുബൈ എയര്‍പോര്‍ട്ട്സ് ചെയര്‍മാനും എമിറേറ്റ്സ് ഗ്രൂപ്പ് സി.ഇ.ഒയുമായ ശൈഖ് അഹ‍മ്മദ് ബിന്‍ സഈദ് അല്‍ മക്തൂം ഇക്കാര്യം അറിയിച്ചത്. ഒക്ടോബര്‍ ആദ്യം എക്സ്പോ 2020 ആരംഭിച്ചതോടെ ദുബൈയിലേക്ക് സന്ദര്‍ശകരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. നവംബറോടെ രാജ്യത്ത് വിനോദസഞ്ചാര സീസണ്‍ കൂടി ആരംഭിക്കുകയാണ്.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള യാത്രാ വിലക്ക് കൂടി നീക്കിയ സാഹചര്യത്തില്‍ വരും മാസങ്ങളില്‍ വലിയ സന്ദര്‍ശക പ്രവാഹം തന്നെ ദുബൈ അധികൃതര്‍ പ്രതീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇപ്പോള്‍ അടച്ചിട്ടിരിക്കുന്ന ഭാഗങ്ങള്‍ കൂടി പ്രവര്‍ത്തന ക്ഷമമാക്കി വിമാനത്താവളം പൂര്‍ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്. ആളുകളുടെ ആരോഗ്യത്തിനും സുരക്ഷയ്‍ക്കും പ്രഥമ പരിഗണന നല്‍കിക്കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്‍ക്ക് മുകളിലുള്ള ആഘാതം കുറയ്‍ക്കാന്‍ പരമാവധി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.