അക്കൗണ്ടില്‍ കയറി നോക്കിയപ്പോഴാണ് വീട്ടുജോലിക്കാരി തന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടത്. ഇതോടെ സ്‌പോണ്‍സര്‍ ഈ വിവരം ഭാര്യയോട് പറഞ്ഞു. ഫോട്ടോസ് കണ്ട ഇദ്ദേഹത്തിന്റെ ഭാര്യ തന്റെ വസ്ത്രങ്ങള്‍ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു.

ദുബൈ: തൊഴിലുടമയുടെ വസ്ത്രങ്ങള്‍ മോഷ്ടിച്ച് അത് ധരിച്ചുകൊണ്ടുള്ള ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് അറസ്റ്റിലായ വീട്ടുജോലിക്കാരിക്ക് ദുബൈയില്‍ തടവുശിക്ഷ. ഫിലിപ്പീന്‍സ് സ്വദേശിയായ യുവതിക്ക് മൂന്നുമാസം തടവുശിക്ഷയും 500 ദിര്‍ഹം പിഴയുമാണ് ദുബൈ പ്രാഥമിക കോടതി വിധിച്ചത്. ശിക്ഷാകാലാവധി കഴി‍ഞ്ഞ് യുവതിയെ നാടുകടത്തുമെന്നും കോടതി വിധിയില്‍ പറയുന്നു.

കഴിഞ്ഞ ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. 26കാരനായ സ്വദേശി സ്‌പോണ്‍സര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് പരിശോധിക്കുകയായിരുന്നു. ഈ സമയം തന്റെ വീട്ടിലെ ജോലിക്കാരിയായ ഫിലിപ്പീന്‍സ് സ്വദേശിയുടെ പേരിലെ അക്കൗണ്ട് സ്‌പോണ്‍സറുടെ ശ്രദ്ധയില്‍പ്പെട്ടു. അക്കൗണ്ടില്‍ കയറി നോക്കിയപ്പോഴാണ് വീട്ടുജോലിക്കാരി തന്റെ ഭാര്യയുടെ വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന ചിത്രങ്ങള്‍ കണ്ടത്. ഇതോടെ സ്‌പോണ്‍സര്‍ ഈ വിവരം ഭാര്യയോട് പറഞ്ഞു. ഫോട്ടോസ് കണ്ട ഇദ്ദേഹത്തിന്റെ ഭാര്യ തന്റെ വസ്ത്രങ്ങള്‍ തന്നെയാണെന്ന് ഉറപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ 27കാരിയായ യുവതിയുടെ മുറിയില്‍ കയറി പരിശോധന നടത്തി. മോഷ്ടിച്ച വസ്ത്രങ്ങളും ഹാന്‍ഡ്ബാഗ്, ലിപ്സ്റ്റിക്, ഷൂസ് എന്നിങ്ങനെ 500 ദിര്‍ഹം വിലമതിക്കുന്ന മറ്റ് വസ്തുക്കളും യുവതിയുടെ മുറിയില്‍ നിന്ന് കണ്ടെത്തി. ഇതോടെ ഇവര്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

യുവതിയെ അറസ്റ്റ് ചെയ്ത പൊലീസ് ഇവരുടെ ഫോണും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ യുവതി കുറ്റം സമ്മതിച്ചു. മോഷ്ടിച്ച സാധനങ്ങള്‍ മുറിയില്‍ ഒളിപ്പിച്ചതായും യുവതി പൊലീസിനോട് പറഞ്ഞു.തുടര്‍ന്ന് യുവതിക്കെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ മോഷണക്കുറ്റം ചുമത്തുകയായിരുന്നു.