ദുബൈ: പുതുവത്സരാഘോഷം പ്രമാണിച്ച് ദുബൈ മെട്രോ തുടര്‍ച്ചയായി സര്‍വീസുകള്‍ നടത്തും. ഡിസംബര്‍ 31 വ്യാഴാഴ്ച രാവിലെ അഞ്ചു മണിക്ക് ആരംഭിക്കുന്ന ദുബൈ മെട്രോ സര്‍വീസുകള്‍ ജനുവരി രണ്ട് വരെ ഇടതടവില്ലാതെ തുടരാനാണ് തീരുമാനം.വിദേശികള്‍ക്കും താമസക്കാര്‍ക്കും പുതുവത്സരാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ കൂടുതല്‍ സൗകര്യമൊരുക്കാന്‍  വേണ്ടിയാണിത്.

ദുബൈ മെട്രോയുടെ റെഡ് ലൈനില്‍ ഡിസംബര്‍ 31 മുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ഓരോ രണ്ടു മിനിറ്റിലും സര്‍വീസുകളുണ്ടാകും. ജനുവരി രണ്ട് ശനിയാഴ്ച രാത്രി ഒരു മണി വരി ഈ ലൈനിലെ സര്‍വീസുകള്‍ തുടരും. ഗ്രീന്‍ ലൈനില്‍ ഡിസംബര്‍ 31 പുലര്‍ച്ചെ 5.30 മുതല്‍ ജനുവരി രണ്ട് രാത്രി ഒരു മണി വരെ സര്‍വീസുകളുണ്ടാകും. പൊതുഗതാഗത സംവിധാനത്തിനായി ബുര്‍ജ് ഖലീഫയ്ക്ക് ചുറ്റുമുള്ള കേന്ദ്രങ്ങളില്‍ ആര്‍ ടി എയിലെ ഏകീകൃത നിയന്ത്രണ കേന്ദ്രവും ദുബൈ ഇന്റലിജന്‍സ് ട്രാഫിക് സിസ്റ്റംസ് സെന്ററും സജ്ജമാണെന്ന് ആര്‍ ടി എ ഡയറക്ടര്‍ ജനറല്‍ മത്താര്‍ അല്‍ തായര്‍ പറഞ്ഞു.