ദുബായിലെ സാലിക് ടോൾ ഗേറ്റുകളിൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ തീരുമാനിച്ചു. 2026 ജൂൺ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റം, ടോൾ നിരക്കുകളിലും ടാഗ് ആക്ടിവേഷൻ ഫീസിലും അധികച്ചെലവുണ്ടാക്കും. ഇത് ദിവസേന യാത്ര ചെയ്യുന്ന പ്രവാസികളുടെ ബജറ്റിനെ ബാധിച്ചേക്കാം.
ദുബായ്: ദുബായിലെ സാലിക് ടോൾ ഗേറ്റ് ഉപയോഗിക്കുന്ന വാഹന ഉടമകൾക്ക് ഇനി യാത്രാച്ചെലവേറും. സാലിക് ടോൾ ഗേറ്റ് നിരക്കുകൾക്കും ടാഗ് ആക്ടിവേഷൻ ഫീസിനും മേൽ 5 ശതമാനം മൂല്യവർദ്ധിത നികുതി ഏർപ്പെടുത്താൻ കമ്പനി തീരുമാനിച്ചു. മെയ് 22 വെള്ളിയാഴ്ചയാണ് സാലിക് ഓപ്പറേറ്റർമാർ ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്. 2026 ജൂൺ ഒന്ന് മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വരും. നിലവിലുള്ള അടിസ്ഥാന ടോൾ നിരക്കുകളിൽ മാറ്റമില്ലെങ്കിലും 5 ശതമാനം വാറ്റ് അധികമായി നൽകേണ്ടി വരും. ദുബായിലെ 10 ടോൾ ഗേറ്റുകൾക്കും ഈ നികുതി ബാധകമായിരിക്കും.

സാലിക്കിന്‍റെ പീക്ക്, ഓഫ്-പീക്ക് സമയങ്ങളിലെ പുതുക്കിയ നിരക്കുകൾ
തിരക്കുള്ള സമയം
രാവിലെ 6 മണി മുതൽ 10 മണി വരെയും വൈകുന്നേരം 4 മണി മുതൽ രാത്രി 8 മണി വരെയും നികുതിക്ക് മുൻപ് 6 ദിർഹവും നികുതിക്ക് ശേഷം 6.30 ദിർഹവുമാണ് നിരക്ക്. തിരക്ക് കുറഞ്ഞ സമയങ്ങളിൽ രാവിലെ 10 മണി മുതൽ വൈകുന്നേരം 4 മണി വരെയും രാത്രി 8 മണി മുതൽ പുലർച്ചെ 1 മണി വരെയും നികുതിക്ക് മുൻപ് 4 ദിർഹവും നികുതിക്ക് ശേഷം 4.20 ദിർഹവുമാണ് നിരക്ക്.
പുലർച്ചെ 1 മണി മുതൽ രാവിലെ 6 മണി വരെയുള്ള സമയങ്ങളിൽ പതിവുപോലെ ടോൾ നിരക്കുകൾ ഈടാക്കില്ല. ദിവസേന യാത്ര ചെയ്യുന്ന സാധാരണക്കാരായ പ്രവാസികളുടെ കുടുംബ ബജറ്റിനെ ഈ നിരക്ക് വർധനവ് ബാധിക്കും. സാലിക് ഗേറ്റുകളിൽ നിന്ന് പിരിച്ചെടുക്കുന്ന വാറ്റ് തുക പൂർണ്ണമായും യുഎഇ നിയമപ്രകാരം ഫെഡറൽ ടാക്സ് അതോറിറ്റിക്ക് കൈമാറുമെന്ന് സാലിക് കമ്പനി വ്യക്തമാക്കി.


