ദുബൈ: കൊവിഡ് സുരക്ഷാ നടപടികള്‍ പാലിക്കുന്നതില്‍ വീഴ്‍ച്ച വരുത്തിയതായി കണ്ടെത്തിയ അഞ്ച് ഭക്ഷണശാലകള്‍ ദുബൈ മുനിസിപ്പാലിറ്റി അധികൃതര്‍ വെള്ളിയാഴ്‍ച പൂട്ടിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ കര്‍ശന പരിശോധനയാണ് നടത്തുന്നത്.

അല്‍ ദഗായയില്‍ നാല് സ്ഥാപനങ്ങള്‍ക്കെതിരെയും അല്‍ മറാറിലെ ഒരു സ്ഥാപനത്തിനെതിരെയുമാണ് വെള്ളിയാഴ്‍ച നടപടിയെടുത്തത്. ഇതുവരെ 2,326 പരിശോധനകള്‍ ദുബൈ മുനിസിപ്പാലിറ്റി നടത്തിയതായാണ് ദുബൈ മീഡിയ ഓഫീസ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നത്. 18 സ്ഥാപനങ്ങള്‍ക്ക് ഇന്ന് മുന്നറിയിപ്പും നല്‍കി. ദുബൈ ടൂറിസം. ദുബൈ ഇക്കണോമി അധികൃതരും വിവിധ സ്ഥാപനങ്ങളില്‍ പരിശോധന നടത്തുന്നുണ്ട്.