ദുബായ്: ഭക്ഷണം കഴിച്ച 15 പേര്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റതോടെ ദുബായ് മുനിസിപ്പാലിറ്റി അധികൃതര്‍ ഹോട്ടല്‍ പൂട്ടിച്ചു. ഹോട്ടലിലെ ഷെഫിനെയും ഹെല്‍ത്ത് കണ്‍ട്രോളറെയും ഭക്ഷ്യ സുരക്ഷാ വകുപ്പ് സസ്‍പെന്റ് ചെയ്തതായും 'അല്‍ ബയാന്‍' പത്രം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. 

ഹോട്ടലില്‍ വിളമ്പിയ സോസില്‍ നിന്നാണ് ഭക്ഷ്യ വിഷബാധയേറ്റതെന്ന് കണ്ടെത്തിയിട്ടുണ്ട്. സോസ് നിര്‍മിക്കാനായി ഉപയോഗിച്ച മുട്ടയില്‍ സാല്‍മൊണല്ല ബാക്ടീരിയയുടെ സാന്നിദ്ധ്യം കണ്ടെത്തി. ശരിയായ രീതിയില്‍ വേവിക്കാത്ത മുട്ട ഭക്ഷ്യ വസ്തുക്കളുടെ നിര്‍മാണത്തിന് ഉപയോഗിക്കുന്നതിനെതിരെ നേരത്തെ ദുബായ് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നല്‍കിയിരുന്നു.