സംഭവം നടന്ന് 25 മിനിറ്റിനുള്ളില്‍ പ്രതി പിടിയിലാകുകയായിരുന്നു. രക്തം പുണ്ട വസ്ത്രങ്ങള്‍ ധരിച്ച് അലഞ്ഞുതിരിഞ്ഞ പ്രതിയെ പട്രോള്‍ സംഘം പിടികൂടി.
ദുബൈ: റൂംമേറ്റിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രവാസിയെ 25 മിനിറ്റിനുള്ളില്‍ പിടികൂടി ദുബൈ പൊലീസ്. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന് 32കാരനായ ഏഷ്യന്‍ തൊഴിലാളി തന്റെ റൂംമേറ്റിനെ കുത്തിയ ശേഷം രക്ഷപ്പെട്ടെന്ന വിവരം ലഭിച്ച ഉടന്‍ അല്‍ ഖുസൈസ് പൊലീസിലെ സിഐഡി സംഘം സ്ഥലത്തെത്തുകയായിരുന്നു.
കുത്തേറ്റയാളെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. സംഭവം നടന്ന് 25 മിനിറ്റിനുള്ളില്‍ പ്രതി പിടിയിലാകുകയായിരുന്നു. രക്തം പുണ്ട വസ്ത്രങ്ങള്‍ ധരിച്ച് അലഞ്ഞുതിരിഞ്ഞ പ്രതിയെ പട്രോള്‍ സംഘം പിടികൂടി. ഇയാള്‍ കുറ്റം സമ്മതിച്ചു. കൃത്യത്തിന് ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞതായും പ്രതി കൂട്ടിച്ചേര്‍ത്തു. തുടര്‍ നിയമനടപടികള്‍ക്കായി ഇയാളെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി.
ദുബൈയില്‍ പാലത്തിനടിയില്‍ സ്യൂട്ട് കെയ്സിലാക്കിയ നിലയില്‍ യുവതിയുടെ മൃതദേഹം; കാമുകന്‍ അറസ്റ്റില്‍
ദുബൈ: 32 വയസുകാരിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട് കെയ്‍സിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ദുബൈയിലെ ദേറ പാം ഐലന്റ് ബ്രിഡ്‍ജിന് താഴെ നിന്നാണ് മൃതദേഹം അടങ്ങിയ സ്യൂട്ട് കെയ്‍സ് കണ്ടെത്തിയത്. സന്ദര്‍ശക വിസയില്‍ യുഎഇയിലെത്തിയ ഫിലിപ്പൈന്‍സ് സ്വദേശിനിയാണ് കൊല്ലപ്പെട്ടതെന്ന് നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
യുവതിയുടെ കാമുകനായ പാകിസ്ഥാന്‍ സ്വദേശിയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. പണത്തെച്ചൊല്ലിയുള്ള രൂക്ഷമായ തര്‍ക്കത്തിനൊടുവില്‍ യുവതിയെ തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
കഴിഞ്ഞ മാസമാണ് ഒരു സെക്യൂരിറ്റി ജീവനക്കാരന്‍ മൃതദേഹമടങ്ങിയ ബാഗ് കണ്ടെടുത്തത്. ഇയാള്‍ തന്റെ തൊഴിലുടമയെ വിവരമറിയിക്കുകയും ഒടുവില്‍ പൊലീസ് സ്ഥലത്തെത്തുകയുമായിരുന്നു. മൃതദേഹം പരിശോധിച്ച് കൊല്ലപ്പെട്ടത് ഫിലിപ്പൈനി യുവതിയാണെന്ന് സ്ഥിരീകരിച്ചു. ഇവര്‍ ഒരു പുരുഷനൊപ്പമാണ് താമസിച്ചിരുന്നതെന്ന് മനസിലാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങിയത്.
ഹോര്‍ അല്‍ അന്‍സിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ നിന്നാണ് യുവാവ് പൊലീസിന്റെ പിടിയിലാവുന്നത്. കഴിഞ്ഞ നാല് മാസമായി യുവതിയുമായി ബന്ധമുണ്ടായിരുന്നുവെന്നും ഇരുവരും ഒരുമിച്ചായിരുന്നു താമസിച്ചിരുന്നതെന്നും ചോദ്യം ചെയ്യലില്‍ ഇയാള്‍ സമ്മതിച്ചു. സന്ദര്‍ശക വിസ പുതുക്കുന്നതിനായി യുവതി ഇയാളില്‍ നിന്ന് 6000 ദിര്‍ഹം കടം വാങ്ങി. വീണ്ടും പണം ചോദിച്ചെങ്കിലും കൊടുക്കാതെ വന്നപ്പോഴാണ് തര്‍ക്കമുണ്ടായത്.
തര്‍ക്കത്തിനിടെ യുവതി നിലത്തുവീണപ്പോള്‍ തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. മൃതദേഹം പിന്നീട് ഒരു സ്യൂട്ട് കെയ്സിലാക്കി. നാല്‍പത് മിനിറ്റോളം ഈ സ്യൂട്ട് കെയ്‍സുമായി സഞ്ചരിച്ച ശേഷമാണ് പാലം കണ്ടത്. ഇതോടെ ആരും കണ്ടുപിടിക്കില്ലെന്ന വിശ്വാസത്തില്‍ അവിടെ മൃതദേഹം ഉപേക്ഷിക്കുകയായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. തുടര്‍ നടപടികള്‍ക്കായി കേസ് ഇപ്പോള്‍ പബ്ലിക് പ്രോസിക്യൂഷന്റെ പരിഗണനയിലാണ്.
