വ്യാജ തൊഴില്‍ ഐഡി കാര്‍ഡുകള്‍ ഉപയോഗിച്ച് ഉപഭോക്താക്കളുടെ വിശ്വാസം നേടിയെടുത്താണ് പ്രതി വൻ തട്ടിപ്പ് നടത്തിയത്.
ദുബൈ: ദുബൈയില്‍ ഉപഭോക്താക്കള്‍ക്ക് വ്യാജ വായ്പ നല്‍കി കബളിപ്പിച്ച പ്രവാസി അറസ്റ്റില്‍. ഏഷ്യക്കാരനാണ് അറസ്റ്റിലായത്. ബാങ്ക് ലോൺ തരപ്പെടുത്താന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്താണ് ഇയാള്‍ ഇരകളെ കുടുക്കുന്നത്. ബാങ്ക് ജീവനക്കാരനാണെന്ന വ്യാജ തൊഴില്‍ ഐഡി കാര്‍ഡുകളും ഇയാള്‍ തട്ടിപ്പിനായി ഉപയോഗിച്ചു. ആളുകളില്‍ നിന്ന് പണം വാങ്ങുന്ന പ്രതി, ബാങ്ക് വായ്പ ശരിയാക്കാന്‍ സഹായം നല്‍കാമെന്ന് ഇവരെ വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.
പിന്നീട് ഇയാള്‍ പണം വാങ്ങിയ ആളുകള്‍ക്ക് വ്യാജ വായ്പാ രേഖയാണ് നല്‍കുന്നത്. പ്രത്യേക മഷിയില്‍ പ്രിന്‍റ് ചെയ്ത ഈ രേഖകള്‍ ഉപഭോക്താവ് കൈപ്പറ്റി കഴിഞ്ഞ് വൈകാതെ ഇതിലെ അക്ഷരങ്ങള്‍ മാഞ്ഞുപോകുകയും ചെയ്യും. 'മാജിക് മഷി' യിൽ പ്രിന്‍റ് ചെയ്ത ഈ രേഖകള്‍ ഉപയോഗിച്ചാണ് പ്രതി ഇരകളില്‍ നിന്നും പണം കവരുന്നത്.
പ്രതി നടത്തിയ കുറ്റകൃത്യത്തെ കുറിച്ചുള്ള വിവരം ഫ്രോഡ് പ്രിവന്‍ഷന്‍ സെന്‍ററില്‍ ലഭിച്ചതോടെയാണ് ഇയാളെ പിടികൂടിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു. വ്യാജ ബിസിനസ് കാര്‍ഡുകളും ബാങ്കിലെ ജീവനക്കാരനാണെന്ന വ്യാജ ജോലി ഐഡി കാര്‍ഡും കാണിച്ചാണ് ഇയാള്‍ ഇരകളുടെ വിശ്വാസം നേടിയെടുത്തത്. രണ്ട് പ്രധാന തന്ത്രങ്ങളാണ് ഇയാള്‍ തട്ടിപ്പിനായി സ്വീകരിച്ചിരുന്നത്. ആദ്യത്തേത് ഇരകളുടെ വിശ്വാസം നേടിയെടുത്ത് അവരെ കൊണ്ട് രേഖകളില്‍ ഒപ്പ് ഇടുവിക്കും. 'അക്കൗണ്ട് ഓപ്പണിങ് ഫീസ്' എന്ന രേഖയിലാണ് ഇവര്‍ ഒപ്പിട്ട് നല്‍കുന്നത്. ഇതിന് ശേഷം ഇരകളുടെ കയ്യില്‍ നിന്നും അക്കൗണ്ട് തുടങ്ങാനുള്ള പണം വാങ്ങും. ഇരകളില്‍ നിന്ന് ചെക്ക് കൈക്കലാക്കുകയാണ് ഇയാളുടെ രണ്ടാമത്തെ തന്ത്രം. ചെക്കിലെ വിവരങ്ങൾ 'മാജിക് മഷി'യില്‍ എഴുതിച്ചേര്‍ക്കും. ശേഷം ഈ ചെക്കില്‍ ഇരകളെ കൊണ്ട് സാധാരണ പേന ഉപയോഗിച്ച് ഒപ്പ് ഇടുവിക്കും. 'മാജിക് മഷി' മാഞ്ഞു കഴിയുമ്പോള്‍ ഈ ചെക്കില്‍ ഇയാള്‍ സ്വന്തം പേര് എഴുതി ചേര്‍ക്കുകയും തുക മാറ്റിയെഴുതുകയും ചെയ്യും. ഓരോ ഇരകളുടെയും അക്കൗണ്ട് വിവരങ്ങളും അക്കൗണ്ട് ബാലന്‍സും മനസ്സിലാക്കിയാണ് പ്രതി തട്ടിപ്പ് നടത്തിയത്. പകരമായി ഇരകൾക്ക് വ്യാജ വായ്പാ രേഖകളാണ് ഇയാള്‍ കൊടുത്തിരുന്നത്.
ബാങ്ക് ഇടപാടുകളില്‍ സഹായിക്കാമെന്ന വ്യാജേന പണം വാങ്ങി നല്‍കുന്ന സേവനങ്ങളില്‍ വഞ്ചിതരാകരുതെന്നും ഇത്തരം അനൗദ്യോഗിക ഇടപാടുകള്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നംു ദുബൈ പൊലീസ് ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. സൈബര്‍ തട്ടിപ്പുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ദുബൈ പൊലീസ് സ്മാര്‍ട്ട് ആപ്പ് വഴിയോ ഇ-ക്രൈം പ്ലാറ്റ്‍ഫോം വഴിയോ ഇക്കാര്യം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും ദുബൈ പൊലീസ് കൂട്ടിച്ചേര്‍ത്തു.
