മൂന്ന് കിടപ്പുമുറിയുള്ള അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ ഇതില്‍ ഒരു മുറി ഇയാള്‍ നിയമവിരുദ്ധ ക്ലിനിക്കായി മാറ്റിയതായി കണ്ടെത്തി. അനധികൃതമായി ഹെയർ ട്രാൻസ്പ്ലാന്‍റ് ക്ലിനിക്ക് നടത്തിയ പ്രതിയെ പൊലീസ് പിടികൂടി.
ദുബൈ: ലൈസൻസില്ലാതെ താമസ സ്ഥലത്ത് ഹെയർ ട്രാൻസ്പ്ലാന്‍റ് ക്ലിനിക്ക് നടത്തിയയാളെ ദുബൈ പൊലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. ദുബൈ ഹെൽത്ത് അതോറിറ്റിയുമായി ചേര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ അനധികൃത പ്രവർത്തനം ഉപഭോക്താക്കളുടെ ജീവന് അപകടമുണ്ടാക്കുന്നതും യുഎഇ നിയമങ്ങളുടെ ലംഘനവുമാണെന്ന് അധികൃതർ അറിയിച്ചു.
പ്രതി തന്‍റെ അനധികൃത ഹെയര്‍ ട്രാൻസ്പ്ലാന്‍റ് സേവനങ്ങളുടെ വീഡിയോകൾ പ്രത്യേക സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പരസ്യം ചെയ്തിരുന്നു. ഇത് ഉപഭോക്താക്കളുടെ ആരോഗ്യത്തിന് ഗുരുതരമായ ഭീഷണിയുയർത്തി. ദുബൈ പൊലീസും ദുബൈ ഹെൽത്ത് അതോറിറ്റിയും ചേർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ്.
സാമ്പത്തിക കുറ്റകൃത്യ വിഭാഗം പ്രതിയുടെ മൂന്ന് കിടപ്പുമുറിയുള്ള അപ്പാർട്ട്‌മെന്റിൽ നടത്തിയ റെയ്ഡിൽ, രണ്ട് മുറികൾ കുടുംബാവശ്യങ്ങൾക്കായി ഉപയോഗിക്കുമ്പോൾ മൂന്നാമത്തെ മുറി ഒരു നിയമവിരുദ്ധ ക്ലിനിക്കായി മാറ്റിയതായി കണ്ടെത്തി. ഇവിടെ നിന്നും മതിയായ ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ ഹെയര്‍ ട്രാൻസ്പ്ലാന്‍റ് ശസ്ത്രക്രിയക്ക് ഉപയോഗിക്കുന്ന മെഡിക്കൽ ഉപകരണങ്ങൾ, ശസ്ത്രക്രിയാ ഉപകരണങ്ങൾ, അനസ്തേഷ്യ ഉപകരണങ്ങൾ, അണുനാശിനികൾ, മറ്റ് രാസവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു.
അപ്പാർട്ട്‌മെന്റ് അടച്ചുപൂട്ടുകയും മുഴുവൻ മെഡിക്കൽ ഉപകരണങ്ങളും കണ്ടുകെട്ടുകയും പ്രതിക്കെതിരെ നിയമനടപടികൾ ആരംഭിക്കുകയും ചെയ്തു. ഇത്തരം നിയമവിരുദ്ധമായ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യത്തിനും സുരക്ഷയ്ക്കും ഗുരുതരമായ അപകടമുണ്ടാക്കുമെന്ന് ദുബൈ പൊലീസ് മുന്നറിയിപ്പ് നൽകി.
ലൈസൻസുള്ള ക്ലിനിക്കുകളിൽ നിന്നും യോഗ്യതയുള്ള ആരോഗ്യ പരിപാലന ദാതാക്കളിൽ നിന്നും മാത്രമേ മെഡിക്കൽ, കോസ്മെറ്റിക് സേവനങ്ങൾ തേടാവൂ എന്ന് അധികൃതർ താമസക്കാർക്ക് മുന്നറിയിപ്പ് നൽകി. സംശയാസ്പദമായതോ നിയമവിരുദ്ധമായതോ ആയ എന്തെങ്കിലും മെഡിക്കൽ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഔദ്യോഗിക ആശയവിനിമയ ചാനലുകൾ വഴി റിപ്പോർട്ട് ചെയ്യാനും ദുബൈ പൊലീസ് പൊതുജനങ്ങളെ പ്രോത്സാഹിപ്പിച്ചു.


