ദുബൈ: കൊവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് ദുബൈയില്‍ പാര്‍ട്ടി നടത്തിയ പൈലറ്റിന് 10,000 ദിര്‍ഹം (രണ്ട് ലക്ഷത്തോളം ഇന്ത്യന്‍ രൂപ) പിഴയിട്ടതായി പൊലീസ് അറിയിച്ചു. ആഢംബര ബോട്ടില്‍ നടന്ന പാര്‍ട്ടിയില്‍ 25 അതിഥികളാണ് പങ്കെടുത്തത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഈ വീഡിയോ ക്ലിപ്പുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് പൊലീസ് നടപടിയെടുത്തത്.

മാസ്‍ക് ധരിക്കുന്നതും സാമൂഹിക അകലം പാലിക്കുന്നതുമടക്കമുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുകൊണ്ടായിരുന്നു പാര്‍ട്ടി നടത്തിയതെന്ന് ദുബൈ പൊലീസ് അറിയിച്ചു. കൊവിഡ് നിയന്ത്രണം ലക്ഷ്യമിട്ട് അധികൃതര്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ നിര്‍ദേശങ്ങളും കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. നിയമലംഘനങ്ങള്‍ ശ്രദ്ധയില്‍ പെടുന്നവര്‍ മൊബൈല്‍ ആപ് അടക്കമുള്ള വിവിധ മാര്‍ഗങ്ങളിലൂടെ പൊലീസിനെ വിവരമറിയിക്കണമെന്നും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കുടുംബ, സാമൂഹിക ചടങ്ങുകളെല്ലാം ഒഴിവാക്കണമെന്നും പരമാവധി അഞ്ച് പേര്‍ മാത്രമേ ഇത്തരം പരിപാടികളില്‍ പങ്കെടുക്കാവൂ എന്നുമാണ് നിര്‍ദേശം.  ഇവര്‍ തന്നെ മാസ്‍ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.