ദുബൈ: കൊവിഡ് വ്യാപനത്തിന് മുമ്പ് യുഎഇയിലെത്തി തിരികെ മടങ്ങാനാകാതെ കുടുങ്ങിയ ഏഷ്യന്‍ യുവതിക്ക് സഹായഹസ്തവുമായി ദുബൈ പൊലീസ്. കൈവശമുണ്ടായിരുന്ന പണം തീര്‍ന്നതോടെ താമസിച്ചിരുന്ന ഹോട്ടലില്‍ നിന്നും ഇറങ്ങേണ്ടി വന്ന യുവതിയെ പരിതാപകരമായ അവസ്ഥയിലാണ് പൊലീസ് കണ്ടെത്തിയത്.

ദുബൈ പൊലീസിന്റെ പട്രോളിങിനിടെയാണ് അവശനിലയിലായ ഏഷ്യന്‍ യുവതി ശ്രദ്ധയില്‍പ്പെട്ടത്. ഉദ്യോഗസ്ഥര്‍ക്കൊപ്പം ഇവരെ പൊലീസ് സ്റ്റേഷനിലെത്തിക്കുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്തു. സന്ദര്‍ശക വിസയിലെത്തിയ യുവതി ലോക്ക് ഡൗണ്‍ മൂലം തിരികെ മടങ്ങാനാകാതെ കുടുങ്ങുകയായിരുന്നു. കയ്യിലെ പണവും തീര്‍ന്നതോടെ താമസിച്ചിരുന്ന ഹോട്ടല്‍മുറിയില്‍ നിന്ന് ഇറങ്ങേണ്ടി വന്നതായി പൊലീസിനോട് യുവതി പറഞ്ഞതായി അല്‍ ബര്‍ഷ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്‍ റഹീം ബിന്‍ ഷാഫിഅ അറിയിച്ചു. 

തുടര്‍ന്ന് ദുബൈ പൊലീസിന്റെ വിക്റ്റിം സപ്പോര്‍ട്ട് പ്രോഗ്രാമിലേക്ക് ഈ വിവരം കൈമാറുകയും ഇതോടെ യുവതിക്ക് ആവശ്യമായ മാനസിക പിന്തുണ ഉള്‍പ്പെടെ നല്‍കുകയുമായിരുന്നു. പിന്നീട് ആവശ്യമായ വൈദ്യസഹായം നല്‍കാന്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരികെ നാട്ടിലേക്ക് മടങ്ങുന്നതിനുള്ള ടിക്കറ്റും കൊവിഡ് പരിശോധന ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കുന്നത് വരെ പൊലീസ് യുവതിയ്ക്ക് പ്രദേശത്തുള്ള ഒരു ഹോട്ടലില്‍ താമസസൗകര്യവും ഒരുക്കി. പിന്നീട് വിമാന ടിക്കറ്റ് നല്‍കി നാട്ടിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു.

ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലഫ്റ്റനന്റ് ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മര്‍റിയുടെ നിര്‍ദ്ദേശപ്രകാരമാണ് ഇത്തരത്തില്‍ മാതൃകാപരമായ നടപടിയുണ്ടായതെന്ന് ബ്രിഗേഡിയര്‍ അബ്ദുല്‍ റഹീം ബിന്‍ ഷാഫിഅ കൂട്ടിച്ചേര്‍ത്തു. ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ അഫയേഴ്‌സ് അസിസ്റ്റന്റ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹിം അല്‍ മന്‍സൂരി ഈ ദൗത്യത്തിന് നേതൃത്വം നല്‍കി.