പൊതു, സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കാതിരിക്കുക, വാഹനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തത് എന്നിവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്.

ദുബൈ: കൊവിഡ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ച 10,745 താമസക്കാര്‍ക്ക് ദുബൈ പൊലീസ് പിഴ ചുമത്തി. ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2020 നവംബര്‍ മുതല്‍ 2021 മേയ് വരെയുള്ള കാലയളവിലെ നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയതെന്ന് അധികൃതര്‍ അറിയിച്ചു.

പൊതു, സ്വകാര്യ വാഹനങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കാതിരിക്കുക, വാഹനങ്ങളില്‍ സാമൂഹിക അകലം പാലിക്കാത്തത് എന്നിവ ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ക്കാണ് പിഴ ചുമത്തിയത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് വേണ്ടിയുള്ള ക്യാമ്പയിനിന്റെ ഭാഗമായി ബര്‍ ദുബൈയില്‍ 96,885 വാഹനങ്ങളിലായി സഞ്ചരിച്ച് 24,900 പേരെ നിരീക്ഷിച്ചപ്പോഴാണ് ഇത്തരം നിയമലംഘനങ്ങള്‍ കണ്ടെത്തിയതെന്ന് ബര്‍ ദുബൈ പൊലീസ് സ്റ്റേഷന്‍ ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖാദിം അല്‍ സുറൂര്‍ പറഞ്ഞു. കൊവിഡ് സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് അദ്ദേഹം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona