Asianet News MalayalamAsianet News Malayalam

വീട്ടുകാരറിയാതെ നാടുകാണാനിറങ്ങി; വിദേശി പെണ്‍കുട്ടിയെ സുരക്ഷിതമായി സ്വന്തം രാജ്യത്തെത്തിച്ച് ദുബൈ പൊലീസ്

എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ അറിയിക്കാതെയാണ് പെണ്‍കുട്ടി ദുബൈയിലെത്തിയത്.

Dubai Police reunite girl with her family after she reached dubai without her parents knowledge
Author
Dubai - United Arab Emirates, First Published Dec 23, 2020, 8:11 PM IST

ദുബൈ: വീട്ടിലറിയിക്കാതെ ദുബൈ കാണാനെത്തിയ പെണ്‍കുട്ടിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച് ദുബൈ പൊലീസ്. യൂറോപ്പില്‍ നിന്നുള്ള പെണ്‍കുട്ടിയെയാണ് ദുബൈ പൊലീസ് മടക്കി അയച്ചത്.

ദുബൈയിലെ ഒരു ഹോട്ടലിലെത്തിയ 19കാരിയായ പെണ്‍കുട്ടി റൂം വേണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ദുബൈ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ അറിയിക്കാതെയാണ് പെണ്‍കുട്ടി ദുബൈയിലെത്തിയതെന്നും കുട്ടിയ്ക്ക് മാനസികമായ പ്രശ്‌നങ്ങളുണ്ടെന്നും ദുബൈ പൊലീസിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിലെ ഉദ്യോഗസ്ഥന്‍ ക്യാപ്റ്റന്‍ അബ്ദുള്ള അല്‍ ഷെയ്ഖ് പറഞ്ഞു.

ഹോട്ടല്‍ അധികൃതര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് പെണ്‍കുട്ടിയുടെ രാജ്യത്തെ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ടു. മാതാപിതാക്കളുടെ അറിവോടെയല്ല കുട്ടി ദുബൈയിലെത്തിയതെന്നും മകളെ കാണാനില്ലെന്ന് ഇവര്‍ പരാതി നല്‍കിയിട്ടുണ്ടെന്നും കോണ്‍സുലേറ്റ് വൃത്തങ്ങള്‍ അറിയിച്ചു. ദുബൈയിലെ മനോഹരമായ സ്ഥലങ്ങളുടെ ചിത്രങ്ങളും വീഡിയോകളും കണ്ട് ആകൃഷ്ടയായ പെണ്‍കുട്ടി വീട്ടില്‍ അറിയിക്കാതെ ദുബൈയിലേക്ക് എത്തുകയായിരുന്നെന്ന് ക്യാപ്റ്റന്‍ അല്‍ ഷെയ്ഖ് കൂട്ടിച്ചേര്‍ത്തു.

തുടര്‍ന്ന് പെണ്‍കുട്ടിക്ക് വേണ്ട താമസസൗകര്യം ഒരുക്കിയ ദുബൈ പൊലീസ് കുട്ടിയുടെ മാതൃസഹോദരിയെ ദുബൈയില്‍ എത്തിക്കുകയും ഇവര്‍ക്ക് വേണ്ട സഹായങ്ങള്‍ നല്‍കുകയുമായിരുന്നു. രണ്ടാഴ്ച ദുബൈയില്‍ താമസിച്ച് കാഴ്ചകള്‍ കണ്ടാണ് ഇരുവരും മടങ്ങിയത്. ഏതെങ്കിലും സാഹചര്യത്തില്‍ സഹായം വേണ്ടവരോ കേസുകളില്‍ ഇരകളോ ആകുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ദുബൈ പൊലീസിന്റെ വിക്ടിം സപ്പോര്‍ട്ട് പ്രോഗ്രാമിലൂടെ സഹായം ലഭിക്കും. പൊലീസിന്റെ വെബ്‌സൈറ്റ് വഴി ഇതിലേക്ക് അപേക്ഷിക്കാം. 
 

Follow Us:
Download App:
  • android
  • ios