നാരങ്ങ നിറച്ചിരുന്ന പെട്ടികളില്‍ ഇടയ്‍ക്ക് നാരങ്ങയുടെ അതേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള 'പ്ലാസ്റ്റിക് നാരങ്ങകള്‍' സജ്ജീകരിച്ച് കടത്തിക്കൊണ്ടുവന്ന മയക്കുമരുന്ന് ദുബൈ പൊലീസ് പിടികൂടി.

ദുബൈ: കോടിക്കണക്കിന് ദിര്‍ഹം വില വരുന്ന മയക്കുമരുന്ന് കടത്താനുള്ള ശ്രമം ദുബൈ പൊലീസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് അറബ് പൗരന്മാര്‍ പൊലീസിന്റെ പിടിയിലായിട്ടുണ്ട്. 11,60,500 ക്യാപ്റ്റഗണ്‍ ഗുളികകളാണ് നാരങ്ങകളില്‍ ഒളിപ്പിച്ച് കൊണ്ടുവന്നത്. ഇവയ്‍ക്ക് 5.8 കോടി ദിര്‍ഹം (118 കോടിയിലധികം ഇന്ത്യന്‍ രൂപ) വില വരുമെന്ന് അധികൃതര്‍ അറിയിച്ചു.

'66' പേരിട്ടിരുന്ന ഓപ്പറേഷനിലൂടെയാണ് ദുബൈ പൊലീസിനെ ആന്റി നര്‍ക്കോട്ടിക്സ് വിഭാഗം കള്ളക്കടത്ത് സംഘത്തെ വലയിലാക്കിയത്. വിദേശത്ത് നിന്നെത്തിയ ശീതീകരിച്ച ഒരു കണ്ടെയ്‍നറിലായിരുന്നു മയക്കുമരുന്ന് എത്തിയത്. നാരങ്ങ നിറച്ചിരുന്ന പെട്ടികളില്‍ ഇടയ്‍ക്ക് നാരങ്ങയുടെ അതേ വലിപ്പത്തിലും ആകൃതിയിലും നിറത്തിലുമുള്ള 'പ്ലാസ്റ്റിക് നാരങ്ങകളും' സജ്ജീകരിച്ചു. ഇവയുടെ ഉള്ളിലായിരുന്നു മയക്കുമരുന്ന് നിറച്ചിരുന്നത്. സംഘടിത കുറ്റകൃത്യങ്ങള്‍ തടയാന്‍ ദുബൈ പൊലീസ് സദാ ജാഗരൂകരാണെന്നും മയക്കുമരുന്ന് അടക്കം ഹാനികരമായ വസ്‍തുക്കള്‍ സമൂഹത്തില്‍ എത്താതിരിക്കാന്‍ എല്ലാ നടപടികളും സ്വീകരിക്കുമെന്നും ദുബൈ പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് ലഫ്. ജനറല്‍ അബ്‍ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.

Scroll to load tweet…

ഒരു അറബ് രാജ്യത്ത് നിന്ന് പച്ചക്കറികളും പഴങ്ങളും കൊണ്ടുവരുന്ന ശീതീകരിച്ച കണ്ടെയ്‍നറില്‍ മയക്കുമരുന്ന് എത്തിക്കാന്‍ സാധ്യതയുണ്ടെന്ന രഹസ്യ വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. ഇതനുസരിച്ച് കണ്ടെയ്‍നര്‍ തിരിച്ചറിയുകയും പ്രാഥമിക പരിശോധന നടത്തി മയക്കുമരുന്ന് ഉണ്ടെന്ന് മനസിലാക്കുകയും ചെയ്‍തു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാവരെയും വലയിലാക്കാനായി പൊലീസ് സംഘം കാത്തിരുന്നു. കണ്ടെയ്‍നര്‍ ഏറ്റു വാങ്ങിയ ആള്‍ അതുമായി എങ്ങോട്ടാണ് പോകുന്നതെന്ന് പൊലീസ് സംഘം രഹസ്യമായി നിരീക്ഷിച്ചു.

കണ്ടെയ്‍നര്‍ ഏറ്റുവാങ്ങിയയാള്‍ മറ്റ് രണ്ട് പേരുടെ അടുത്തെത്തിച്ച ശേഷം അവരുടെ സഹായത്തോടെ സാധനങ്ങള്‍, ശീതികരിച്ച മറ്റൊരു ലോറിയിലേക്ക് മാറ്റി. തൊട്ടടുത്ത ദിവസം രാവിലെ കണ്ടെയ്‍നര്‍ ഏറ്റുവാങ്ങിയ ആള്‍ മറ്റൊരാള്‍ക്കൊപ്പം എത്തി. കൊണ്ടുവന്നയാളെ പുറത്തുനിര്‍ത്തിയ ശേഷം ഇയാള്‍ ലോറിയുടെ ശീതികരിച്ച ക്യാബിനില്‍ കയറി രണ്ട് മണിക്കൂറോളം സമയമെടുത്ത് വ്യാജ നാരങ്ങകളും യഥാര്‍ത്ഥ നാരങ്ങയും വേര്‍തിരിച്ചു. ഈ സമയമത്രയും പരിസരം നിരീക്ഷിച്ചുകൊണ്ട് രണ്ടാമന്‍ പുറത്തുനിന്നു.

അകത്ത് കയറിയയാള്‍ പുറത്തിറങ്ങിയ ഉടന്‍ പൊലീസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്‍തു. തലേദിവസം കണ്ടെയ്‍നറിലെ സാധനങ്ങള്‍ മാറ്റാന്‍ സഹായിച്ചവര്‍ ഈ സമയം മറ്റൊരിടത്തായിരുന്നു. ഇവരെയും പൊലീസ് നിരീക്ഷിക്കുന്നുണ്ടായിരുന്നു. ഇവരെയും പൊലീസ് സംഘം അറസ്റ്റ് ചെയ്‍തു. കണ്ടയ്‍നറില്‍ 3840 പെട്ടി നാരങ്ങകളാണ് ഉണ്ടായിരുന്നത്. ഇതില്‍ 66 പെട്ടികളില്‍ മാത്രമാണ് വ്യാജ നാരങ്ങകള്‍ നിറച്ചിരുന്നത്.