സംഭവസ്ഥലത്ത് അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ ആഫ്രിക്കക്കാരന്‍ ആത്മഹത്യ ചെയ്തതാകും എന്നായിരുന്നു പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി മരിച്ചയാളുടെ വിരലടയാളം പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. 

ദുബൈ: ദുബൈയിലെ ഹൂര്‍ അല്‍ അന്‍സ് ഏരിയയില്‍ ആഫ്രിക്കന്‍ സ്വദേശി കൊല്ലപ്പെട്ട കേസ് കുറഞ്ഞ സമയത്തില്‍ തെളിയിച്ച് ദുബൈ പൊലീസ്. അത്യാധുനിക സാങ്കേതിക വിദ്യയുടെയും ഉപകരണങ്ങളുടെയും സഹായത്തോടെയാണ് കേസ് തെളിയിക്കാന്‍ സാധിച്ചതെന്ന് ദുബൈ പൊലീസിലെ ക്രൈം സീന്‍ വിഭാഗം- ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ഫോറന്‍സിക് എവിഡന്‍സ് ആന്‍ഡ് ക്രിമിനോളജി മേധാവി കേണല്‍ മക്കി സല്‍മാന്‍ അഹ്മദ് സല്‍മാന്‍ പറഞ്ഞു.

ദുബൈയിലെ ഹൂര്‍ അല്‍ അന്‍സില്‍ ആഫ്രിക്കക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തിയതായി ഓപ്പറേഷന്‍സ് റൂമില്‍ വിവരം ലഭിച്ചിരുന്നു. സംഭവസ്ഥലത്ത് അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍പ്പെടാത്തതിനാല്‍ ആഫ്രിക്കക്കാരന്‍ ആത്മഹത്യ ചെയ്തതാകും എന്നായിരുന്നു പ്രാഥമിക നിഗമനം. ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തി മരിച്ചയാളുടെ വിരലടയാളം പരിശോധിച്ച് ആളെ തിരിച്ചറിഞ്ഞു. 

സ്ഥലത്ത് കണ്ട രക്തക്കറയാണ് കൊലപാതകത്തിന്റെ ചരുളഴിച്ചത്. വിദഗ്ധരുടെ നേതൃത്വത്തില്‍ രക്തക്കറ പരിശോധിച്ചു. രക്തക്കറ വീണ ദിശ മനസ്സിലാക്കി ഇത് ആക്രമണം മൂലം ഉണ്ടായതാണെന്നും ആയുധം കൊണ്ട് ആക്രമിച്ചതാണെന്നും അത്യാധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനസ്സിലാക്കിയ പൊലീസ് പ്രത്യേക പരിശീലനം ലഭിച്ച സംഘത്തിന്റെ സഹായത്തോടെ അതിവേഗം പരിശോധനകള്‍ പൂര്‍ത്തിയാക്കി. 

തുടര്‍ന്ന് മരിച്ചയാളുടെ സുഹൃത്തുക്കളെയും പരിചയക്കാരെയും ചോദ്യം ചെയ്തതില്‍ നിന്നാണ് നിര്‍ണായക വിവരം ലഭിച്ചത്. ഇതില്‍ ഒരാളുടെ മൊഴിയില്‍ വൈരുധ്യം തോന്നിയതിനാല്‍ ഇയാളെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. തുടര്‍നിയമ നടപടികള്‍ക്കായി ഒരു മണിക്കൂറിനകം പ്രതിയെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുകയും ചെയ്തു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona