ദുബായ്: ഗതാഗത നിയമലംഘനങ്ങളുടെ പേരില്‍ പിഴ ലഭിച്ചവര്‍ക്ക് അവ പൂര്‍ണമായി ഒഴിവാക്കി നല്‍കുന്ന പദ്ധതി ദുബായ് പൊലീസ് പുനരാരംഭിച്ചു. തിങ്കളാഴ്ചയാണ് അധികൃതര്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്ന പിഴയിളവ് പദ്ധതിയുടെ കാലാവധി ഫെബ്രുവരി ആറിന് അവസാനിച്ചിരുന്നു.

കഴിഞ്ഞ വര്‍ഷം അഞ്ചര ലക്ഷത്തിലധികം ഡ്രൈവര്‍മാര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായെന്ന് തിങ്കളാഴ്ച അധികൃതര്‍ അറിയിച്ചു. ആകെ 54 കോടിയിയിലധികം ദിര്‍ഹത്തിന്റെ പിഴ ശിക്ഷകളാണ് ഇളവ് ചെയ്യപ്പെട്ടത്. ഓരോ ഡ്രൈവര്‍ക്കും ശരാശരി 981.24 ദിര്‍ഹത്തിന്റെ ഇളവ് കിട്ടിയെന്നാണ് കണക്ക്. ഇതിന് പുറമെ ഇക്കാലയളവില്‍ വാഹന അപകട മരണങ്ങളില്‍ 16 ശതമാനത്തിന്റെ കുറവുണ്ടായി. അപകടങ്ങളില്‍ സംഭവിക്കുന്ന ഗുരുതരമായ പരിക്കുകളുടെ എണ്ണത്തില്‍ 38 ശതമാനവും കുറവുവന്നു. ആകെ 1,14,769 പുരുഷന്മാരും 4,44,661 സ്ത്രീകളും പദ്ധതിയുടെ ഗുണഭോക്താളായി.

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി ഏഴിനായിരുന്നു ട്രാഫിക് ഫൈനുകള്‍ക്ക് ഇളവ് നല്‍കുന്ന പദ്ധതി ദുബായ് പൊലീസ് ആദ്യമായി പ്രഖ്യാപിച്ചത്. ഇതനുസരിച്ച് പിഴ ശിക്ഷ കിട്ടിയ വ്യക്തി, അടുത്ത മൂന്ന് മാസത്തേക്ക് മറ്റ് നിയമലംഘനങ്ങളൊന്നും നടത്താതിരുന്നാല്‍ 25 ശതമാനം ഇളവ് ലഭിക്കും. ആറ് മാസം ഒരു നിയമലംഘനത്തിനും പിന്നീട് പിടിക്കപ്പെട്ടില്ലെങ്കില്‍ ഇളവ് 50 ശതമാനമായി മാറും. ഇതുപോലെ ഒന്‍പത് മാസം നിയമങ്ങള്‍ കര്‍ശനമായി പാലിച്ച് വാഹനം ഓടിച്ചാല്‍ 75 ശതമാനം ഇളവും ഒരു വര്‍ഷം ഒരു നിയമലംഘനവും നടത്തിയില്ലെങ്കില്‍ 100 ശതമാനം ഇളവുമാണ് ഡ്രൈവര്‍ക്ക് ലഭിക്കുക.