ഒറിജിനലിനെ വെല്ലുന്ന ഫേക് അക്കൗണ്ടുകള്‍ തയ്യാറാക്കിയ ശേഷം അതുപയോഗിച്ച് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് തനിക്ക് ചില അത്യാവശ്യങ്ങളുണ്ടായെന്ന് പറഞ്ഞോ അല്ലെങ്കില്‍ മറ്റ് ചിലര്‍ക്ക് വേണ്ടിയെന്ന പേരിലോ പണം ചോദിക്കും.
ദുബായ്: സോഷ്യല്‍ മീഡിയയില്‍ 'സെലിബ്രിറ്റി' ചമഞ്ഞ് തട്ടിപ്പ് നടത്തുന്നവര്‍ക്കെതിരെ ദുബായ് പൊലീസിന്റെ മുന്നറിയിപ്പ്. വിവിധ രംഗങ്ങളിലെ പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അവ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്ന സംഭവങ്ങള്‍ വ്യാപകമായതോടെയാണ് പൊലീസ് മുന്നറിയിപ്പ് നല്‍കുന്നത്. ഇത് സംബന്ധിച്ച ബോധവത്കരണത്തിനായി വീഡിയോയും പുറത്തിറക്കിയിട്ടുണ്ട്.
ഒറിജിനലിനെ വെല്ലുന്ന ഫേക് അക്കൗണ്ടുകള്‍ തയ്യാറാക്കിയ ശേഷം അതുപയോഗിച്ച് ആളുകളുമായി ബന്ധം സ്ഥാപിക്കുന്നതാണ് തട്ടിപ്പിന്റെ ആദ്യപടി. പിന്നീട് തനിക്ക് ചില അത്യാവശ്യങ്ങളുണ്ടായെന്ന് പറഞ്ഞോ അല്ലെങ്കില്‍ മറ്റ് ചിലര്‍ക്ക് വേണ്ടിയെന്ന പേരിലോ പണം ചോദിക്കും. എത്രയും വേഗം തിരികെ നല്‍കാമെന്ന് പറയുന്നതിനൊപ്പം സമ്മാനങ്ങള്‍ പോലുള്ള പലതും വാഗ്ദാനം ചെയ്യുകയും ചെയ്യും. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ട നിരവധി പേര്‍ പൊലീസിനെ സമീപിച്ചതോടെയാണ് ബോധവത്കരണ ശ്രമങ്ങള്‍ തുടങ്ങിയത്.
ഇത്തരം തട്ടിപ്പുകള്‍ നടത്തുന്ന അക്കൗണ്ടുകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അവ എത്രയും വേഗം പൊലീസിനെ അറിയിക്കണം. അക്കൗണ്ടുകളുടെയും സന്ദേശങ്ങളുടെയും സ്ക്രീന്‍ ഷോട്ടുകള്‍ ദുബായ് പൊലീസിന്റെ ഔദ്ദ്യോഗിക അക്കൗണ്ടുകളിലേക്ക് അയക്കാനാണ് വീഡിയോ സന്ദേശത്തില്‍ ആവശ്യപ്പെടുന്നത്. തട്ടിപ്പുകള്‍ നടത്തിയ അയ്യായിരത്തിലധികം അക്കൗണ്ടുകള്‍ ഈ മാസം ദുബായ് പൊലീസ് ബ്ലോക് ചെയ്തിരുന്നു.
