ദുബൈ ആര്‍ടിഎയുടെ 20-ാം വാര്‍ഷികത്തിലാണ് യാത്രക്കാർക്കായി സമ്മാനങ്ങളും ഓഫറുകളും പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ വിമാനത്താവളത്തിൽ എത്തുകയാണെങ്കിലും, ട്രാം, മെട്രോയിൽ യാത്ര ചെയ്യുകയാണെങ്കിലും എല്ലാ യാത്രക്കാർക്കും ആഘോഷങ്ങളിൽ പങ്കെടുക്കാം. 

ദുബൈ: ദുബൈ റോഡ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ഇരുപതാം വാര്‍ഷിക നിറവില്‍. ദുബൈ ആര്‍ടിഎക്ക് 20 വയസ്സ് തികയുന്ന അവസരം താമസക്കാർക്ക് അവിസ്മരണീയമാക്കാൻ നിരവധി ഓഫറുകളും സമ്മാനങ്ങളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ വിമാനത്താവളത്തിൽ എത്തുകയാണെങ്കിലും, ട്രാം, മെട്രോ എന്നിവയിൽ യാത്ര ചെയ്യുകയാണെങ്കിലും, നഗരത്തിലെ എല്ലാ യാത്രക്കാർക്കും ആഘോഷങ്ങളിൽ പങ്കുചേരാൻ ആര്‍ടിഎ അവസരം ഒരുക്കിയിട്ടുണ്ട്. ഇതിന് പുറമെ, സിനിമ ടിക്കറ്റുകളിലും ഓൺലൈൻ ഓർഡറുകളിലും ആകർഷകമായ കിഴിവുകളും ലഭിക്കും.

ഒക്ടോബർ 22 മുതൽ നവംബർ 2 വരെ ദുബായ് ട്രാമിലെ സ്ഥിരം യാത്രക്കാർക്ക് 10,000-ത്തിലധികം '2-ഫോർ-1' ഓഫറുകളുള്ള എൻ്റർടെയ്‌നർ യുഎഇ 2026 ബുക്ക്‌ലെറ്റ് സമ്മാനമായി നേടാം. ഒക്ടോബർ 28 മുതൽ നവംബർ 1 വരെ നടക്കുന്ന ഫോട്ടോ ചലഞ്ചിന്‍റെ ഭാഗമാകാൻ ദുബൈ എയർപോർട്ടിൽ എത്തുന്നവർക്ക് അവസരമുണ്ട്. വിനോദസഞ്ചാരികൾക്ക് ഒരു സ്വാഗത കിറ്റും ലഭിക്കും. കൂടാതെ, ഫോട്ടോ ചലഞ്ചിൽ പങ്കെടുക്കുന്നവരെ ആര്‍ടിഎയുടെ പേജുകളിൽ ഫീച്ചർ ചെയ്യും.

നവംബർ 1 മുതൽ 15 വരെ, ബുർജ്മാൻ, യൂണിയൻ, മാൾ ഓഫ് ദി എമിറേറ്റ്സ് മെട്രോ സ്റ്റേഷനുകളിലെ ENBD കിയോസ്കുകൾ സന്ദർശിച്ച് സമ്മാനങ്ങൾ നേടാനും Go4it കാർഡിനെക്കുറിച്ച് കൂടുതലറിയാനും സാധിക്കും.

ബസ് യാത്രക്കാർക്കും ഒരു ദിവസത്തെ പ്രത്യേക സമ്മാനമുണ്ട്. അൽ ഖുബൈബ ബസ് സ്റ്റേഷനിലും ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷനിലും സ്ഥാപിച്ചിട്ടുള്ള RTA20 ബൂത്തിൽ കയറി 20 സെക്കൻഡിനുള്ളിൽ ഒരു സമ്മാനം കൈക്കലാക്കാം. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ മുതൽ ചോക്ലേറ്റുകൾ വരെ സമ്മാനമായി നേടാം. ഈ ഓഫർ നവംബർ 1-ന് മാത്രമാണ്. നവംബർ 1-ന് ബുർജ്മാൻ മെട്രോ സ്റ്റേഷനിൽ ഭീമൻ ആർട്ട് ഫ്രെയിമുകളിൽ പോസ് ചെയ്യാനും ആര്‍ടിഎയുടെ ഫോട്ടോബൂത്തിൽ നിന്ന് നിങ്ങളുടെ ഡിജിറ്റൽ ഫോട്ടോ കോപ്പി എടുക്കാനും അവസരമുണ്ട്. സമയം രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയാണ്.

നവംബർ 1ന് കൂടുതൽ വിനോദ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. 'ബലൂൺസ് ആൻഡ് സ്മൈൽസ്' ഇവൻ്റ് ബുർജ്മാൻ മെട്രോ സ്റ്റേഷൻ (രാവിലെ 9), ഓൺപാസ്സീവ് മെട്രോ സ്റ്റേഷൻ, ശോഭ റിയൽറ്റി ട്രാം സ്റ്റേഷൻ (രാവിലെ 10), ഇൻഷുറൻസ് മാർക്കറ്റ് മെട്രോ സ്റ്റേഷൻ, ഉമ്മു റമൂൽ കസ്റ്റമർ ഹാപ്പിനസ് സെൻ്റർ (രാവിലെ 11) എന്നിവിടങ്ങളിൽ നടക്കും. നവംബർ 1 മുതൽ 5 വരെ റോക്സി സിനിമാസിൽ RTA20 എന്ന പ്രൊമോ കോഡ് ഉപയോഗിച്ച് സിനിമാ ടിക്കറ്റുകൾക്ക് 20% കിഴിവ് നേടാം. ഇതേ സമയപരിധിയിൽ നൂൺ ഓൺലൈൻ ഓർഡറുകൾക്കും ഇതേ പ്രൊമോ കോഡ് ഉപയോഗിച്ച് 20% കിഴിവ് ലഭ്യമാകും. നവംബർ 1 മുതൽ 30 വരെ എല്ലാ മെട്രോ സ്റ്റേഷനുകളിലും RTA ലിമിറ്റഡ് എഡിഷൻ നോൾ കാർഡുകൾ പുറത്തിറക്കുന്നു.