രൂപീകൃതമായത് മുതല്‍ ഇന്നുവരെ 320 ബില്യണ്‍ ദിര്‍ഹത്തിന്റെ സഹായം ലോകത്തിനായി നല്‍കിയതില്‍ രാജ്യത്തെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു.
ദുബൈ: യുഎഇയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ മികച്ച സംഭാവനകള്‍ നല്‍കിയവര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുമെന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. അന്താരാഷ്ട്ര ജീവകാരുണ്യ ദിനം ആചരിക്കുന്നതിന് മുന്നോടിയായാണ് ശൈഖ് മുഹമ്മദിന്റെ പ്രഖ്യാപനം. എല്ലാവര്‍ഷവും ഓഗസ്റ്റ് 19നാണ് അന്താരാഷ്ട്ര ജീവകാരുണ്യ ദിനം ആചരിക്കുന്നത്.
രൂപീകൃതമായത് മുതല്‍ ഇന്നുവരെ 320 ബില്യണ്‍ ദിര്‍ഹത്തിന്റെ സഹായം ലോകത്തിനായി നല്‍കിയതില്‍ രാജ്യത്തെ ഓര്‍ത്ത് അഭിമാനമുണ്ടെന്ന് പ്രഖ്യാപനം നടത്തിക്കൊണ്ട് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. 'നമ്മുടെ സന്നദ്ധ പ്രവര്‍ത്തകര്‍, വിവിധ സ്ഥാപനങ്ങള്‍, അന്താരാഷ്ട്ര ജീവകാരുണ്യ കൂട്ടായ്മകള്‍ എന്നിവയുടെ നടപടികളില്‍ അഭിമാനമുണ്ട്. മികച്ച ജീവകാരുണ്യ പ്രവര്‍ത്തകര്‍ക്ക് ഗോള്‍ഡന്‍ വിസ അനുവദിക്കുന്ന വിവരം ഈ അവസരത്തില്‍ പ്രഖ്യാപിക്കുകയാണ്. യുഎഇ സാമ്പത്തിക തലസ്ഥാനം മാത്രമല്ല മാനുഷികതയുടെയും നാഗരികതയുടെയും തലസ്ഥാനമാണ്'- ശൈഖ് മുഹമ്മദ് ട്വീറ്റ് ചെയ്തു.
