സ്കൈ വേ ഗ്രീന്‍ടെക് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി സ്കൈ പോഡുകള്‍ രംഗത്തിറക്കുന്നത്. ഭാവിയിലേക്കുള്ള ദുബായിയുടെ യാത്രാ സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിനിടെ സ്കൈ പോഡുകള്‍ അവതരിപ്പിച്ചു.
ദുബായ്: പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്കാണ് ദുബായ് പരീക്ഷണവേദിയാകുന്നത്. മിനിറ്റുകള്‍ കൊണ്ട് ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിക്കുന്ന ഹൈപ്പര്‍ലൂപ്പിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെ പറക്കും ടാക്സിയുടെ പരീക്ഷണവും നടന്നു. ഇതിനുശേഷമാണിപ്പോള്‍ ആകാശപ്പാളത്തിലൂടെ അതിവേഗത്തില്‍ സഞ്ചരിക്കാവുന്ന സ്കൈ പോഡുകള്‍ തയ്യാറാക്കിയിരിക്കുന്നത്.
സ്കൈ വേ ഗ്രീന്‍ടെക് എന്ന കമ്പനിയുമായി ചേര്‍ന്നാണ് ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി സ്കൈ പോഡുകള്‍ രംഗത്തിറക്കുന്നത്. ഭാവിയിലേക്കുള്ള ദുബായിയുടെ യാത്രാ സൗകര്യങ്ങള്‍ വിഭാവനം ചെയ്യുന്ന പദ്ധതിയുടെ ഭാഗമാണിത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വേള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റിനിടെ സ്കൈ പോഡുകള്‍ അവതരിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സ്കൈ പോഡുകളുടെ രണ്ട് മോഡലുകള്‍ പരിശോധിച്ചു. ദുബായ് കിരീടാവകാശിയും ദുബായ് എക്സിക്യൂട്ടീവ് കൗണ്‍സില്‍ അധ്യക്ഷനുമായ ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പരമ്പരാഗത വാഹനങ്ങളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ പേര്‍ക്ക് യാത്ര ചെയ്യാനാവുമെന്നതാണ് സ്കൈ പോഡുകളുടെ പ്രധാന പ്രത്യേകത. ഉയര്‍ന്ന ഊര്‍ജക്ഷമതയാണ് മറ്റൊരു സവിശേഷത. സാധാരണ ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് അഞ്ചിലൊന്ന് വൈദ്യുതി മാത്രമാണ് ഇതിനാവശ്യം. വോള്‍ഡ് ഗവണ്‍മെന്റ് സമ്മിറ്റില്‍ സ്കൈ പോഡുകളുടെ രണ്ട് മോഡലുകളാണ് അവതരിപ്പിച്ചത്.
യുനീബൈക്ക് എന്ന് പേരിട്ടിരിക്കുന്ന ആദ്യ മോഡല്‍ ഭാരം കുറഞ്ഞതും ചെറുതുമാണ്. തൂണുകളില്‍ നിന്ന് താഴേക്ക് തൂക്കിയിട്ടിരിക്കുന്നത് പോലെ സ്ഥാപിക്കുന്ന സ്റ്റീല്‍ വീലുകള്‍ വഴിയാവും സഞ്ചാരം. ഹൈ പെര്‍ഫോമന്‍സ് ഇലക്ട്രിക് വാഹനങ്ങളുടെയും സ്പോര്‍ട്സ് വാഹനങ്ങളുടെയും സവിശേഷതകള്‍ സമന്വയിക്കുന്ന യൂനി ബൈക് സ്വന്തമായ ചലനത്തില്‍ നിന്നുതന്നെ ഉല്‍പാദിപ്പിക്കുന്ന വൈദ്യുതിയില്‍ പ്രവര്‍ത്തിക്കും. രണ്ട് യാത്രക്കാര്‍ക്ക് മാത്രമായിരിക്കും ഇതില്‍ സഞ്ചരിക്കാനാവുക. 150 കിലോമീറ്റര്‍ വരെ വേഗത്തില്‍ സഞ്ചരിക്കും.
യൂനികാര്‍ എന്നാണ് സ്കൈ പോഡുകളുടെ രണ്ടാമത്തെ മോഡലിന് പേര്. ദൂരയാത്രയ്ക്കായി ഇവ ഉപയോഗിക്കാം. നാലു മുതല്‍ ആറ് വരെ യാത്രക്കാര്‍ക്ക് സഞ്ചരിക്കാം. 150 കിലോമീറ്റര്‍ വരെയാവും വേഗത. ഉയര്‍ന്ന കെട്ടിടങ്ങളെ ബന്ധിപ്പിച്ച് സ്കൈ പോഡുകള്‍ക്കായി റെയില്‍ നെറ്റ്‍വര്‍ക്ക് സ്ഥാപിക്കാനാവുമെന്നും ആര്‍ടിഎ കണക്കുകൂട്ടുന്നു.
