ദുബൈ: കപ്പലുകളിലും ഫ്ലോട്ടിങ് റസ്റ്റോറന്റുകളിലുമുള്ള എല്ലാ വിനോദ പരിപാടികളും നിര്‍ത്തിവെക്കാന്‍ ദുബൈ മാരിടൈം സിറ്റി അതിരോറ്റി നിര്‍ദേശം നല്‍കി. രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ സുരക്ഷാ നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം. രാജ്യത്തെ വിനോദ പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്‍ച തന്നെ അധികൃതര്‍ പുറത്തിറക്കിയിരുന്നു.

ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ വിനോദ പരിപാടികള്‍ അനുവദിക്കില്ലെന്നാണ് മാരിടൈം അതോരിറ്റിയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിരിക്കുന്നത്. സാമൂഹിക അകലം ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ദുബൈ സര്‍ക്കാറിലെ വിവിധ വകുപ്പുകളുമായിച്ചേര്‍ന്ന് പരിശോധനകള്‍ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.