തിരിച്ചിറക്കിയ വിമാനം ഏറെ സമയത്തിന് ശേഷമാണ് പിന്നീട് വീണ്ടും പറന്നത്. 

കരിപ്പൂര്‍: കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട ഫ്ലൈ ദുബൈ വിമാനമാണ് തിരിച്ചിറക്കിയത്.

വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയ്ക്ക് ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ടതാണ് ഫ്ലൈ ദുബൈ വിമാനം. വിമാനത്തില്‍ വേങ്ങര സ്വദേശിയായ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു.

വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട ശേഷവും ഇയാള്‍ ബഹളം തുടര്‍ന്നു. മറ്റ് യാത്രക്കാര്‍ക്ക് ശല്യമായതോടെ വേറെ വഴിയില്ലാതെ വിമാനം തിരിച്ചിറക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ഇയാളെ കൊണ്ടുപോയതിന് ശേഷമാണ് വിമാനം വീണ്ടും പറന്നത്. യാത്രക്കാരില്‍ നിന്ന് വേണ്ട വിവരങ്ങള്‍ ശേഖരിച്ച ശേഷമാണ് ദുബൈ പൊലീസ് ഇയാളെ കൊണ്ടുപോയത്. രാവിലെ ഏഴു മണിയോടെ കരിപ്പൂരില്‍ എത്തേണ്ട വിമാനം പിന്നീട് രാവിലെ പത്തരയോടെയാണ് എത്തിയത്.

Read Also -  ഗ്രാമി അവാര്‍ഡിനരികെ മലയാളി പെണ്‍കുട്ടി; അഭിമാന നേട്ടത്തിന്‍റെ പടിവാതില്‍ക്കലെത്തി ഗായത്രി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം