ഒരു കോടിക്ക് അടുത്ത് ആളുകളാണ് കഴിഞ്ഞ 6 മാസം കൊണ്ട് ദുബായിൽ എത്തിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം 6 ശതമാനമാണ് കൂടിയത്.
ദുബായ്: സന്ദർശനത്തിന് എത്തുന്നവരുടെ പ്രിയപ്പെട്ട ഇടമായി വീണ്ടും റെക്കോർഡിടുകയാണ് ദുബായ്. ഒരു കോടിക്ക് അടുത്ത് ആളുകളാണ് കഴിഞ്ഞ 6 മാസം കൊണ്ട് ദുബായിൽ എത്തിയത്. ഒരു സന്ദർശക വിസയെടുത്ത് വെറുതെയൊന്ന് കറങ്ങി കാണാൻ എത്തുന്നവർ, ജോലി തേടി എത്തുന്നവർ, ലോകോത്തര എക്സ്പോകൾക്ക് എത്തുന്നവർ, അവരെല്ലാം കൂടി ചേർന്ന് ഈ വർഷത്തെ ആദ്യ 6 മാസക്കാലം കൊണ്ട് സന്ദഗർശകരുടെ എണ്ണം 98 ലക്ഷത്തി എൺപതിനായിരത്തിന് മുകളിലെത്തി. അതായത് ഒരു കോടിക്കടുത്ത്.
മുൻ വർഷത്തെ അപേക്ഷിച്ച് സന്ദർശകരുടെ എണ്ണം 6 ശതമാനമാണ് കൂടിയത്. ഇത് വെറുതെ സാധ്യമായതല്ല. ലോകത്തെ ആദ്യ മൂന്ന് ടൂറിസം കേന്ദ്രങ്ങളിലൊന്നാക്കി ദുബായിയെ മാറ്റണമെന്നാണ് കിരീടാവകാശി ഷെയ്ഖ് ഹംദാന്റെ പദ്ധതി. അതിനായി കൃത്യമായ ആസൂത്രണവും പദ്ധതികളും നടന്നു. ഇനിയുള്ള ആറ് മാസക്കാലവും ദുബായ്ക്ക് തിരക്കേറിയതാകും. ജൈടെക്സ് പോലെ ലോകോത്തര ടെക്നോളജിയുടെ സംഗമ കേന്ദ്രമാകുന്ന മേളകൾ, ക്രിസ്മസ്, പുതുവർഷം, ഏഷ്യാ കപ്പ് അങ്ങനെ പലതുണ്ട് ദുബായിയുടെ പക്കൽ.

