ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയെ യാത്രയാക്കാൻ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ് ഉൾപ്പെടെ എത്തിയിരുന്നു.
മസ്കറ്റ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനം പൂര്‍ത്തിയാക്കി ഒമാനില്‍ നിന്ന് മടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ത്രിരാഷ്ട്ര സന്ദര്‍ശനം പൂര്‍ത്തിയാക്കിയാണ് അദ്ദേഹം ദില്ലിയിലേക്ക് മടങ്ങിയത്. ബുധനാഴ്ച വൈകിട്ട് ഒമാനിലെത്തിയ മോദി സുൽത്താൻ ഹൈതം ബിൻ താരിഖുമായി ചർച്ച പൂർത്തിയാക്കി. വ്യാഴാഴ്ച ഉച്ചയോടെ അദ്ദേഹം മസ്കറ്റിൽ നിന്ന് മടങ്ങി.
വ്യാഴാഴ്ച രാവിലെ സുൽത്താൻ ഹൈതം ബിൻ താരിഖുമായി കൂടിക്കാഴ്ച നടത്തിയ മോദി, ഇന്ത്യൻ പ്രവാസിസമൂഹവുമായും സംവദിച്ചു. ഉച്ചക്ക് ശേഷം ദില്ലിയിലേക്ക് മടങ്ങിയ പ്രധാനമന്ത്രിയെ യാത്രയാക്കാൻ ഒമാൻ പ്രതിരോധകാര്യ ഉപപ്രധാനമന്ത്രി സയ്യിദ് ശിഹാബ് ബിൻ താരിഖ് അൽ സഈദ്, വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി, മസ്കത്ത് ഗവർണർ സയ്യിദ് സൗദ് ബിൻ ഹിലാൽ അൽ ബുസൈദി, വാണിജ്യ-വ്യവസായ-നിക്ഷേപ പ്രോത്സാഹന മന്ത്രി ഖൈസ് ബിൻ മുഹമ്മദ് അൽ യൂസഫ്, ഇന്ത്യയിലെ ഒമാൻ അംബാസഡർ ഈസ ബിൻ സാലിഹ് അൽ ഷൈബാനി, വിദേശകാര്യ മന്ത്രാലയത്തിലെ അംബാസഡർമാർ, സുൽത്താന്റെ സായുധസേനയിലെ മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ എത്തിയിരുന്നു.
ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം സ്ഥാപിച്ചതിന്‍റെ 70-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. ഒമാനിലെത്തിയ മോദി മലയാളികളോട് ‘സുഖമാണോ ’? എന്ന് കുശലം ചോദിക്കുകയും സംസാരിക്കുകയും ചെയ്തു. ഒമാനിൽ ‘മിനി ഇന്ത്യ ‘ കാണാൻ കഴിഞ്ഞുവെന്ന് മോദി പ്രസംഗത്തിൽ പറഞ്ഞു. ഒമാൻ–ഇന്ത്യ സാമ്പത്തിക സഹകരണത്തിന് പുതിയ അധ്യായം തുറന്ന് സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിന്‍ താരിഖിന്‍റെയും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും സാന്നിധ്യത്തിൽ ഒപ്പുവെച്ചു. ഒമാനും ഇന്ത്യയും തമ്മിലുള്ള ബന്ധങ്ങളിൽ ചരിത്രപ്രാധാന്യമുള്ള മുന്നേറ്റമാണിത്.
സമുദ്ര പൈതൃകം, ഗവേഷണം, നൈപുണ്യ വികസനം, കൃഷി മേഖലകൾക്ക് മോദിയുടെ സന്ദര്‍ശനത്തോടെ പുതിയ ഊർജമേകുകയാണ്. സമുദ്ര പൈതൃകവും മ്യൂസിയങ്ങളും, ശാസ്ത്രീയ ഗവേഷണവും നവോത്ഥാനവും, നൈപുണ്യ വികസനവും കൃഷിയും, കൂടാതെ വ്യവസായ-വാണിജ്യ രംഗത്തെ തന്ത്രപരമായ സഹകരണവും ഉൾപ്പെടുത്തി നാല് ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ഒമാൻ’പുരസ്കാരം ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക് സമ്മാനിച്ചിരുന്നു.


