ദുബായ്: അഞ്ച് കിലോയിലധികം മയക്കുമരുന്നുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ സ്ത്രീക്ക് 10 വര്‍ഷം തടവ് ശിക്ഷ. നേരത്തെ ദുബായ് പ്രാഥമിക കോടതി വിധിച്ച ശിക്ഷയ്ക്കെതിരെ പ്രതി അപ്പീല്‍ കോടതിയെ സമീപിച്ചെങ്കിലും കീഴ്‍കോടതിയുടെ വിധി ശിക്ഷ ശരിവെയ്ക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രിലിലായിരുന്നു കേസിന് ആസ്പദമായ സംഭവം. സന്ദര്‍ശക വിസയില്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ ബ്രിട്ടീഷ് യുവതിയില്‍ നിന്ന് 4.4 കിലോഗ്രാം കഞ്ചാവും 1.4 കിലോഗ്രാം കൊക്കെയ്നുമാണ് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. ബാഗില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഇവ. 10 വര്‍ഷം ജയില്‍ ശിക്ഷയ്ക്ക് പുറമെ 50,000 ദിര്‍ഹം പിഴയും ഇവര്‍ അടയ്ക്കണം. ശിക്ഷ അനുഭവിച്ച ശേഷം ഇവരെ നാടുകടത്തും.