ദുബായ്: സൂപ്പര്‍ മാര്‍ക്കറ്റില്‍ സാധനം വാങ്ങാനെത്തിയ 12 വയസുകാരിയെ കടന്നുപിടിക്കുകയും ചുംബിക്കുകയും ചെയ്ത കച്ചവടക്കാരന് കോടതി ശിക്ഷ വിധിച്ചു. 19 വയസുകാരനായ പാകിസ്ഥാനി യുവാവിനെ മൂന്ന് മാസത്തെ തടവിനാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതി ശിക്ഷിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം ഇയാളെ നാടുകടത്തും.

ദുബായ് ഇന്റര്‍നാഷണല്‍ സിറ്റിയില്‍ ജൂണ്‍ 12നായിരുന്നു സംഭവം. ഉച്ചയോടെ സൂപ്പര്‍മാര്‍ക്കറ്റില്‍ മിഠായി വാങ്ങാനാണ് കുട്ടി പോയത്. അടുത്ത് മറ്റ് ഉപഭോക്താക്കളോ ജീവനക്കാരോ ഇല്ലാതിരുന്ന സമയത്ത് ഇയാള്‍ അടുത്ത് വന്ന് എത്ര വയസായെന്ന് ചോദിച്ചു. തുടര്‍ന്ന് കുട്ടിയുടെ കൈയ്യില്‍ പിടിക്കുകയും ചുംബിക്കുകയും ചെയ്തു. കടയിലെ ഷെല്‍ഫിന് സമീപത്ത് തന്നെ ബലമായി പിടിച്ചുകൊണ്ടുപോയെന്ന് പെണ്‍കുട്ടി പ്രോസിക്യൂഷന്‍ ഉദ്ദ്യോഗസ്ഥരോട് പറഞ്ഞു. അവിടെ നിന്ന് ഓടി രക്ഷപെട്ട പെണ്‍കുട്ടി അച്ഛനോട് പറയുകയും അച്ഛന്‍ പൊലീസിനെ അറിയിക്കുകയുമായിരുന്നു.

മുന്‍പും പലതവണ ഈ കടയില്‍ പോയിട്ടുണ്ടെന്നും എന്നാല്‍ ഇത്തരമൊരു അനുഭവം ആദ്യമായാണ് ഉണ്ടായതെന്നും കുട്ടി പറഞ്ഞു. പൊലീസ് സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തിയതറിഞ്ഞ് പ്രതി അവിടെ നിന്ന് രക്ഷപെട്ടു. എന്നാല്‍ അഞ്ച് മണിക്കൂറിനകം തന്നെ മറ്റൊരിടത്ത് നിന്ന് ഇയാളെ പൊലീസ് പിടികൂടി. ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിച്ചു. ഉദ്ദ്യോഗസ്ഥര്‍ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി വിവരിച്ചത് പോലെ ഇയാള്‍ ചൂഷണം ചെയ്തുവെന്ന് വ്യക്തമാവുകയും ചെയ്തു. ഈ ഭാഗത്ത് സിസിടിവി ഘടിപ്പിച്ചിട്ടുണ്ടായിരുന്നെന്ന് മനസിലായ ഇയാള്‍ കൂടുതല്‍ പരിഭ്രാന്തനാകുന്നത് കണ്ട പൊലീസ്, പഴയ ദൃശ്യങ്ങള്‍ കൂടി വിശദമായി പരിശോധിച്ചപ്പോള്‍ വേറെയും കുട്ടികളെ സമാനമായ രീതിയില്‍ ഇയാള്‍ പീഡിപ്പിച്ചിട്ടുണ്ടെന്ന് മനസിലാക്കുകയായിരുന്നു.

സംഭവത്തിന് ശേഷം കുട്ടി മാനസികമായി ഏറെ തകര്‍ന്നുപോയെന്നും രാത്രി ഉറക്കത്തിനിടയില്‍ പോലും ഞെട്ടിയുണര്‍ന്ന് നിലവിളിക്കുമായിരുന്നുവെന്നും മാതാപിതാക്കള്‍ പറഞ്ഞു. ഇയാള്‍ ചൂഷണം ചെയ്ത മറ്റ്പെണ്‍കുട്ടികളെയും കണ്ടെത്തി പ്രത്യേകം പ്രത്യേകം കേസുകള്‍ ചാര്‍ജ്ജ് ചെയ്യാനാണ് പൊലീസിന്റെ ശ്രമം.