കാര്‍ഡ് നല്‍കിയെങ്കിലും അതില്‍ നിന്ന് പണം ഈടാക്കാന്‍ ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. ഇതിനിടെ ഇയാള്‍ സ്ഥലം വിട്ടു.

ദുബായ്: വ്യാജ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ഹോട്ടലിലെ ബില്ലടയ്ക്കാന്‍ ശ്രമിച്ച വിദേശിയെ ദുബായ് പൊലീസ് പിടികൂടി. ഏതാനും ദിവസമായി ഹോട്ടലില്‍ കഴിഞ്ഞുവന്നിരുന്ന ഇയാള്‍ താമസം അവസാനിപ്പിച്ച് പോകുന്നതിനിടെ 1,35,000 ദിര്‍ഹത്തിന്റെ ബില്ലാണ് വ്യാജ കാര്‍ഡ് ഉപയോഗിച്ച് അടയ്ക്കാന്‍ ശ്രമിച്ചത്.

കാര്‍ഡ് നല്‍കിയെങ്കിലും അതില്‍ നിന്ന് പണം ഈടാക്കാന്‍ ഹോട്ടല്‍ അധികൃതര്‍ ശ്രമിച്ചപ്പോള്‍ നടന്നില്ല. ഇതിനിടെ ഇയാള്‍ സ്ഥലം വിട്ടു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസിനൊപ്പം സാമ്പത്തിക കുറ്റകൃത്യ വിഭാഗവും അന്വേഷണം തുടങ്ങി. പ്രതിയെ കണ്ടെത്താനുള്ള ശ്രമങ്ങളും പൊലീസ് ആരംഭിച്ചു. നഗരത്തിലെ മറ്റൊരു ഹോട്ടലില്‍ ഇയാളുണ്ടെന്ന് മനസിലാക്കിയ അന്വേഷണസംഘം ഇവിടെ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു.

ഇത്തരത്തിലുള്ള നിരവധി വ്യാജ കാര്‍ഡുകള്‍ തന്റെ കൈവശം ഉണ്ടെന്നും ഇത് ഉപയോഗിച്ച് പല സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.