ദുബൈ: തര്‍ക്കത്തിനിടെ സ്വന്തം രാജ്യക്കാരനെ കുത്തിപ്പരിക്കേല്‍പ്പിച്ച ബംഗ്ലാദേശ് സ്വദേശിക്കെതിരെ കോടതിയില്‍ നിയമനടപടികള്‍ തുടങ്ങി. ദുബൈയില്‍ തൊഴിലാളിയായ ഇയാള്‍ക്കെതിരെ കൊലപാതക ശ്രമത്തിന് കുറ്റം ചുമത്തി. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. 

29കാരനായ ബംഗ്ലാദേശ് സ്വദേശി സ്വന്തം രാജ്യക്കാരനായ മറ്റൊരു ആളുമായി തര്‍ക്കത്തിലേര്‍പ്പെട്ടു. വാക്കേറ്റം രൂക്ഷമായപ്പോള്‍ ഇരുവരും പരസ്പരം അടിച്ചു. ചൂല് കൊണ്ട് തല്ലുകയും ചെയ്തു. തുടര്‍ന്ന് ബംഗ്ലാദേശി യുവാവ് കത്തിയെടുത്ത് പ്രവാസിയെ കുത്തി ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. അല്‍ ഖോര്‍ ഏരിയയില്‍ നടന്ന സംഭവം ഒരു ദൃക്‌സാക്ഷിയാണ് ദുബൈ പൊലീസില്‍ അറിയിച്ചത്.

വഴക്കിനിടെ പ്രവാസി, പ്രതിയായ യുവാവിന്‍റെ തലയ്ക്ക് ചൂല് കൊണ്ടടിച്ചു. തുടര്‍ന്ന് ഇയാളുടെ മൂക്കില്‍ നിന്ന് രക്തമൊഴുകാന്‍ തുടങ്ങി. ഇതോടെ യുവാവ് തിരിച്ച് കത്തി വീശി. ഇയാളുടെ കയ്യില്‍ നിന്ന് കത്തി പിടിച്ചുമാറ്റാന്‍ കണ്ടുനിന്നവര്‍ ശ്രമിച്ചതായി ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. കുത്തിയ ശേഷം സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ട യുവാവിനെ ദുബൈ പൊലീസ് പിന്നീട് പിടികൂടി. കൊലപാതക ശ്രമത്തിന് പബ്ലിക് പ്രോസിക്യൂഷന്‍ ഇയാള്‍ക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. കേസില്‍ ഒക്ടോബര്‍ 25നാണ് അടുത്ത വാദം കേള്‍ക്കുക.