ദുബൈ: കൊവിഡ് സുരക്ഷാ നിബന്ധനകള്‍ ലംഘിച്ചതിന് പിഴ ചുമത്തിയ പൊലീസുകാരനെ ആക്രമിച്ച കേസില്‍ അറസ്റ്റിലായവര്‍ക്കെതിരെ വിചാരണ തുടങ്ങി. ജനുവരി 29നാണ് നൈഫ് ഏരിയയില്‍ വെച്ച് രണ്ട് വിദേശികള്‍ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതെന്ന് കേസ് രേഖകള്‍ വ്യക്തമാക്കുന്നു.

പ്രദേശത്ത് കൂട്ടം കൂടി നില്‍ക്കുകയായിരുന്നവരില്‍ രണ്ട് പേര്‍ മാസ്‍ക് ധരിച്ചിരുന്നില്ല. പൊലീസ് ഉദ്യോഗസ്ഥന്‍ അടുത്തെത്തി ഒരാളോട് എമിറേറ്റ്സ് ഐ.ഡി ആവശ്യപ്പെട്ടു. എന്നാല്‍ ഇയാളുടെ കൈവശം ഐ.ഡി ഉണ്ടായിരുന്നില്ല. പിഴ അടയ്‍ക്കാമെന്ന് ഇയാള്‍ അറിയിച്ചു. എന്നാല്‍ ഓഫീസര്‍ പണം വാങ്ങാന്‍ തയ്യാറാവാതെ പൊലീസ് സ്റ്റേഷനിലേക്ക് പോകാന്‍ ആവശ്യപ്പെട്ടു.

എന്നാല്‍ പെട്ടെന്ന് ഇയാള്‍ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും അടുത്തുണ്ടായിരുന്ന ട്രാഫിക് സൈന്‍ പോസ്റ്റില്‍ ഇടിച്ച് നിലത്തുവീണു. ഇയാളെ ഉടന്‍ തന്നെ പൊലീസ് ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്‍തു. ഉദ്യോഗസ്ഥനെ കുറ്റപ്പെടുത്തിക്കൊണ്ട് സംഭവത്തിന്റെ വീഡിയോ ചിത്രീകരിക്കുകയായിരുന്നു രണ്ടാമന്‍. പൊലീസുകാരന്‍ ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഇയാള്‍ ഉദ്യോഗസ്ഥനെ തള്ളിമാറ്റി. ഇയാളെയും പിന്നീട് അറസ്റ്റ് ചെയ്‍തു.

ആദ്യം അറസ്റ്റിലായ വ്യക്തി സ്റ്റേഷനില്‍ വെച്ച്, തനിക്ക് ഹൃദയ സംബന്ധമായ അസ്വസ്ഥതകളുണ്ടെന്നും ഉടന്‍ വൈദ്യസഹായം ആവശ്യമുണ്ടെന്നും അറിയിച്ചു.  ഇതിന്റെ അടിസ്ഥാനത്തില്‍ ആംബുലന്‍സ് വിളിച്ചുവരുത്തുകയും ഇയാളെ പ്രാഥമിക പരിശോധനക്ക് വിധേയമാക്കുകയും ചെയ്‍തെങ്കിലും  ഇയാള്‍ രോഗം അഭിനയിക്കുകയാണെന്ന് കണ്ടെത്തുകയായികുന്നു. നടപടികള്‍ പൂര്‍ത്തിയാക്കിയ പബ്ലിക് പ്രോസിക്യൂഷന്‍ ഇരുവരെയും നിയമ നടപടികള്‍ക്കായി ക്രിമിനല്‍ കോടതിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.