ദമാം: സൗദിയിൽ വർക്ക്ഷോപ്പുകളിൽ ഇലക്ട്രോണിക് പേയ്‌മെന്‍റ് സംവിധാനം നിര്‍ബന്ധമാക്കുന്നു. നവംബര്‍ 18 മുതല്‍ ഇ-പേയ്മെന്‍റ്  സംവിധാനം പ്രാബല്യത്തിൽ വരും. രാജ്യത്തെ ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായാണ് വർക്ക്ഷോപ്പുകളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം നിര്‍ബന്ധമാക്കുന്നത്.

ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിനായി ശക്തമായ നടപടികളാണ് വാണിജ്യ നിക്ഷേപ മന്ത്രാലയം സ്വീകരിക്കുന്നത്. ഇതിന്റെ ഭാഗമായാണ് നവംബര്‍ 18 മുതല്‍ വർക്ക്ഷോപ്പുകള്‍, ടയർ പഞ്ചര്‍ ഒട്ടിക്കുന്ന കടകള്‍, സാധനങ്ങളുടെ ഭാരം തിട്ടപ്പെടുത്തുന്ന സ്ഥാപനങ്ങള്‍, സ്പയര്‍പാര്‍ട്ട്സുകൾ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിൽ ഇ- പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കാൻ ദേശീയ ബിനാമി വിരുദ്ധ സമിതി ഉത്തരവിട്ടത്.

ഇതിനായുള്ള ഇലക്ട്രോണിക് ഉപകരണം സ്ഥാപിക്കേണ്ടത് ആറു ഘട്ടങ്ങളിലായാണെന്ന് വാണിജ്യ നിക്ഷേപ മന്ത്രാലയ വക്താവ് അബ്ദുല്‍ റഹ്മാന്‍ അല്‍ ഹുസൈന്‍ പറഞ്ഞു. ബക്കാലകള്‍, ബൂഫിയ, കോഫി ഷോപ്പ്, എല്ലാത്തരത്തിലുമുള്ള ഭക്ഷണശാലകള്‍ തുടങ്ങിയ എല്ലാത്തരം സ്ഥാപനങ്ങള്‍ക്കും അടുത്ത വർഷം ഓഗസ്റ്റ് 25 നകം ഇലക്ട്രോണിക് പേയ്‌മെന്റ് സംവിധാനം നടപ്പിലാക്കണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.