17 വര്‍ഷത്തോളം ഇയാള്‍ ഇവിടെ താമസിച്ചിരുന്നെന്നാണ് വെളിപ്പെടുത്തല്‍. അക്കൗണ്ടന്‍റായാണ് ജോലി ചെയ്തിരുന്നത്.
കുവൈത്ത് സിറ്റി: കൊളറാഡോയിലെ ബൗൾഡറിൽ ഇസ്രായേൽ അനുകൂല റാലിയിൽ ആക്രമണം നടത്തിയെന്ന് ആരോപിക്കപ്പെടുന്ന 45 വയസ്സുകാരനായ ഈജിപ്ഷ്യൻ പൗരൻ അമേരിക്കയിലേക്ക് മാറുന്നതിന് മുമ്പ് 17 വർഷം കുവൈത്തിൽ താമസിച്ചിരുന്നതായി വെളിപ്പെടുത്തൽ. മൂന്ന് വർഷം മുമ്പ് മുഹമ്മദ് സബ്രി സോളമൻ, തന്‍റെ ഭാര്യക്കും അഞ്ച് മക്കൾക്കുമൊപ്പം കൊളറാഡോ സ്പ്രിംഗ്സിലേക്ക് താമസം മാറ്റിയിരുന്നു. തന്‍റെ മകൾക്ക് കുവൈത്തിൽ ലഭ്യമല്ലാത്ത മെഡിക്കൽ വിദ്യാഭ്യാസം നേടാൻ വേണ്ടിയായിരുന്നു ഈ മാറ്റം എന്നാണ് റിപ്പോർട്ട്.
സോളമൻ കുവൈത്തിൽ അക്കൗണ്ടന്‍റായി ജോലി ചെയ്തിരുന്നു. 2013-ൽ ഈജിപ്തിലെ മുൻ പ്രസിഡന്‍റ് മുഹമ്മദ് മുർസിയെ പുറത്താക്കിയതിനെതിരെ മുസ്ലീം ബ്രദർഹുഡിന്റെ പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന ചിത്രങ്ങൾ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പ്രൊഫൈലിൽ ഉണ്ടായിരുന്നു. തന്റെ മകളുടെ ഹൈസ്കൂൾ ബിരുദദാനത്തിന് ശേഷം ആക്രമണം നടത്താൻ സോളമൻ ഒരു വർഷം സൂക്ഷ്മമായി ആസൂത്രണം ചെയ്തുവെന്ന് അധികൃതർ പറയുന്നു.
അമേരിക്കയിലെ കൊളറാഡോയിൽ ഇസ്രയേൽ അനുകൂല പ്രകടനത്തിന് നേരെയുണ്ടായ ബോംബേറിൽ നിരവധി പേർക്കാണ് പരിക്കേറ്റത്. ബോൾഡർ നഗരത്തിലെ ഒരു മോളിനടുത്ത് റാലിയിൽ പങ്കെടുത്തവർക്ക് നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. ആക്രമണത്തിൽ നിരവധി പേർക്കാണ് പരിക്കേറ്റത്.


