ഷാര്‍ജ: പെരുന്നാളിന് മുന്നോടിയായി ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്നുവരെ ഷാര്‍ജ സമ്മര്‍ പ്രൊമോഷന്‍സ് എന്ന പേരില്‍ മെഗാ സെയില്‍ സംഘടിപ്പിക്കുമെന്ന് ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍സഡ്ട്രി അറിയിച്ചു. ഇക്കാലയളവില്‍ എമിറേറ്റിലെ ഉപഭോക്താക്കള്‍ക്ക് സാധനങ്ങള്‍ 80 ശതമാനം വരെ വിലക്കുറവില്‍ സ്വന്തമാക്കാനാവുമെന്നും സംഘാടകര്‍ അറിയിച്ചു.

ഷോപ്പിങ് മാളുകളിലെയും മറ്റ്  സ്ഥാപനങ്ങളിലെയും വ്യാപാരത്തിന് ഉണര്‍വ് നല്‍കാന്‍ ലക്ഷ്യമിട്ടാണ് ബലി പെരുന്നാളിന് മുന്നോടിയായി ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍ഡസ്ട്രിയുടെ ആഭിമുഖ്യത്തില്‍ മെഗാ സെയില്‍ സംഘടിപ്പിക്കുന്നത്. ഒപ്പം ഷാര്‍ജയുടെ വിനോദ സഞ്ചാര മേഖലയ്ക്ക് ഉര്‍ജ്ജം പകരാനും സംഘാടകര്‍ ലക്ഷ്യമിടുന്നു. ഉപഭോക്താക്കള്‍ക്ക് ലാഭകരമായി സാധനങ്ങള്‍ വാങ്ങാനാവുന്ന അവസരമായിരിക്കുമിതെന്നും ഷാര്‍ജ ചേംബര്‍ ഓഫ് കൊമേഴ്‍സ് ആന്റ് ഇന്‍സഡ്ട്രിയുടെ ഫെസ്റ്റിവല്‍ ആന്റ് എക്സിബിഷന്‍ വിഭാഗം തലവന്‍ ഹനാ അന്‍ സുവൈദി പറഞ്ഞു. ഷാര്‍ജയിലെ കിഴക്കന്‍, മദ്ധ്യമേഖലകളിലെ ഷോപ്പിങ് മാളുകളില്‍ നിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളില്‍ നിന്നും സമ്മര്‍ പ്രൊമോഷനില്‍ പങ്കെടുക്കാന്‍ ഫീസ് ഈടാക്കില്ല. ഒപ്പം മറ്റ് പ്രദേശങ്ങളിലെ മാളുകളില്‍ നിന്ന് ഈടാക്കിയിരുന്ന തുകയില്‍ 40 ശതമാനത്തിന്റെ കുറവും വരുത്തിയിട്ടുണ്ട്. ഇക്കാരണങ്ങളാല്‍ കൂടുതല്‍ സ്ഥാപനങ്ങള്‍ മേഗാ സെയിലില്‍ അണിനിരക്കുമെന്നാണ് സൂചന.