അപ്പാര്‍ട്ട്മെന്റുകള്‍ മദ്യ നിര്‍മാണ കേന്ദ്രങ്ങളാക്കി മാറ്റി ഇവിടെ വന്‍തോതില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. കുപ്പികളില്‍ നിറച്ച് വിതരണത്തിന് തയ്യാറാക്കിയ നിലയിലും അല്ലാതെയും വന്‍തോതില്‍ മദ്യം ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്നു.

കുവൈത്ത് സിറ്റി: കുവൈറ്റില്‍ ഫ്ലാറ്റുകള്‍ കേന്ദ്രീകരിച്ച് മദ്യ നിര്‍മാണം നടത്തിയിരുന്ന എട്ട് പ്രവാസികളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്‍തു. അ‍ഹ്‍മദി സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സലാഹ് മത്തര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ വലീദ് അല്‍ ശെഹാബ് എന്നിവരുടെ നേതൃത്വത്തില്‍ മെഹ്‍ബുലയില്‍ നടത്തിയ വ്യാപക പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

അപ്പാര്‍ട്ട്മെന്റുകള്‍ മദ്യ നിര്‍മാണ കേന്ദ്രങ്ങളാക്കി മാറ്റി ഇവിടെ വന്‍തോതില്‍ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതായി ഉദ്യോഗസ്ഥര്‍ക്ക് വ്യക്തമായ വിവരം ലഭിച്ചിരുന്നു. കുപ്പികളില്‍ നിറച്ച് വിതരണത്തിന് തയ്യാറാക്കിയ നിലയിലും അല്ലാതെയും വന്‍തോതില്‍ മദ്യം ഇവിടങ്ങളില്‍ സൂക്ഷിച്ചിരുന്നു. മദ്യ നിര്‍മാണത്തിനുള്ള ഉപകരണങ്ങളും ഇവിടെ നിന്ന് പിടിച്ചെടുത്തു. പിടിയിലായവരെ ചോദ്യം ചെയ്‍തുവരികയാണെന്നും നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാടുകടത്തല്‍ കേന്ദ്രങ്ങളിലേക്ക് മാറ്റുമെന്നും അറിയിച്ചു. പിടിച്ചെടുത്ത മദ്യം കുവൈത്ത് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ അധികൃതര്‍ നശിപ്പിച്ചു.