ദുബായ്: ദുബായിലുണ്ടായ വാഹനാപകടത്തില്‍ എട്ട് പേര്‍ മരിച്ചു. ആറ് പേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാവിലെ തിരക്കേറിയ സമയത്ത് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലായിരുന്നു അപകടം.

ദുബായ്-ഷാര്‍ജ റോഡില്‍ മിര്‍ദിഫ് സിറ്റി സെന്ററിന് സമീപം മിനി ബസും ട്രക്കും കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് ദുബായ് ആംബുലന്‍സ് വിഭാഗം അറിയിച്ചത്. ആംബുലന്‍സും മെഡിക്കല്‍ സംഘവും സംഭവസ്ഥലത്ത് കുതിച്ചെത്തി പരിക്കേറ്റവരെ റാഷിദ് ആശുപത്രിയിലേക്ക് മാറ്റി. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. വാഹനം ഓടിക്കുന്നവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ അറിയിച്ചു.