കുവൈത്ത് സിറ്റി: ഹോം ക്വാറന്റീന്‍ ലംഘിച്ചതുമായി ബന്ധപ്പെട്ട് കുവൈത്തില്‍ ഇതുവരെ അറസ്റ്റിലായത് 80 പേര്‍. കൊവിഡ് സ്ഥിരീകരിക്കുകയും എന്നാല്‍ ഗുരുതര രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തതിനാല്‍ നിര്‍ബന്ധിത വീട്ടുനിരീക്ഷണത്തില്‍ കഴിയുകയും ചെയ്തവരാണ് ഇത് ലംഘിച്ച് വീടിന് പുറത്തറിങ്ങിയത്.

കൊവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത ഫെബ്രുവരി മുതലുള്ള കണക്ക് പ്രകാരമാണ് 80 പേര്‍ ഇതുവരെ അറസ്റ്റിലായത്. അതേസമയം കൊവിഡ് രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും വീട്ടുനിരീക്ഷണത്തിലിരിക്കണം. വിദേശരാജ്യങ്ങളില്‍ നിന്നെത്തുവരും ക്വാറന്റീന്‍ നിര്‍ബന്ധമായും പാലിക്കണം. വീട്ടുനിരീക്ഷണ കാലത്ത് പുറത്തിറങ്ങിയാല്‍ അറിയുന്നതിനായി ശ്ലോനിക് ആപ്ലിക്കേഷന്‍ മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യണം. ഇടയ്ക്കിടെ ലഭിക്കുന്ന സന്ദേശത്തിന് മറുപടിയായി സെല്‍ഫി ഫോട്ടോ തിരികെ അയയ്ക്കണം. ക്വാറന്റീന്‍ ലംഘിക്കുന്നുണ്ടോയെന്ന് അറിയാന്‍ വേണ്ടിയാണിത്.