ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യവേ റോഡിൽ യൂടേൺ ഇടുന്നതിനിടെ അമിത വേ​ഗതയിലെത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു

ഷാർജ: യുഎഇയിൽ ഇലക്ട്രിക് സ്കൂട്ടർ അപകടത്തിൽപ്പെട്ട് 9 വയസ്സുകാരനായ അറബ് ബാലൻ മരിച്ചു. ഇലക്ട്രിക് സ്കൂട്ടറിൽ യാത്ര ചെയ്യവേ റോഡിൽ യൂടേൺ ഇടുന്നതിനിടെ അമിത വേ​ഗതയിലെത്തിയ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ അൽ ഫൽജ് ഏരിയയിലായിരുന്നു സംഭവം. അപകടം നടന്നയുടൻ തന്നെ ട്രാഫിക് പട്രോളിങ് ടീമും ആംബുലൻസ് സംഘവും സ്ഥലത്തെത്തി. ​

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ലെന്ന് ഷാർജ പൊലീസ് അറിയിച്ചു. കുട്ടി സഞ്ചരിച്ച സ്കൂട്ടർ ഇടിച്ച് തെറിപ്പിച്ച വഹനത്തിലുണ്ടായിരുന്ന ഡ്രൈവറെ അറസ്റ്റ് ചെയ്തു. ചോദ്യം ചെയ്യലിനായി ഇയാളെ വാസിത് പൊലീസ് കസ്റ്റ‍ഡിയിലേക്ക് മാറ്റുകയും ചെയ്തു. 

read more: ഇന്ത്യയിലെ കത്തോലിക്ക സഭയ്ക്കും വിശിഷ്യ കേരളത്തിനും അഭിമാനമാണ് കർദ്ദിനാൾ മാർ ജോർജ്ജ് കൂവക്കാടെന്ന് എംഎ യൂസഫലി

സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഷാർജ പൊലീസ് അറിയിച്ചു. രാജ്യത്ത് ഇ-സ്കൂട്ടർ അപകടങ്ങൾ വർധിച്ചുവരുന്ന സാഹചര്യമാണുള്ളത്. ഇതേത്തുടർന്ന് പ്രധാന റോഡുകളിലും കാൽ നടപ്പാതകളിലും ഇലക്ട്രിക് സ്കൂട്ടറുകൾ, മോട്ടോർ സൈക്കിളുകൾ, ബൈസൈക്കിളുകൾ എന്നിവ നിയന്തിക്കുന്നതിനായി ഷാർജ ട്രാഫിക് ആൻഡ് പട്രോൾസ് വിഭാ​ഗത്തിന്റെ കീഴിൽ കാമ്പയിനുകൾ നടന്നു വരുന്നുണ്ട്.