റിയാദ്: ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് റിയാദിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം കടയ്ക്കൽ ചിതറ വളവുപച്ച മഹാദേവര്‍ കുന്ന് സ്വദേശി പ്ലാവിള വീട്ടില്‍ ഹുസൈനാണ് (48) മരിച്ചത്. റിയാദിൽ നിന്ന് 200 കിലോമീറ്ററകലെ മജ്മഅയിൽ സ്പോൺസറുടെ വീട്ടിൽ പെയിൻറിങ് ജോലിക്കിടെയാണ് വൈദ്യുതാഘാതമേറ്റത്. 

മൂന്നുദിവസം മുമ്പായിരുന്നു സംഭവം. തുടർന്ന് റിയാദ് ബദീഅയിലെ കിങ് സൽമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്. ഭാര്യ: ജാസിയ. മക്കള്‍: ഷഫിന്‍ ഷാ, മുഹമ്മദ് ഷാ, ഷെഫിന ഫാത്തിമ. മൃതദേഹം റിയാദിൽ ഖബറടക്കുന്നതിന് ബന്ധുവായ സൈഫുദ്ദീനെ സഹായിക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫയർ വിങ് ചെയർമാൻ റഫീഖ് മഞ്ചേരിയുടെ നേതൃത്വത്തിൽ പ്രവർത്തകർ രംഗത്തുണ്ട്.