കുവൈത്ത് സിറ്റി: കുവൈത്തിലെ സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ കുടുംബത്തോടൊപ്പമല്ലാതെ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാരെ പൂര്‍ണമായും ഒഴിപ്പിക്കുന്ന നടപടി തുടരുന്നു. ഇതിന്‍റെ ഭാഗമായി ഫര്‍വാനിയ മുന്‍സിപ്പാലിറ്റി പരിശോധന നടത്തി. ഖൈതാന്‍ കേന്ദ്രീകരിച്ചായിരുന്നു പരിശോധന. തുടര്‍ന്ന് ഇവിടെയുള്ള 10 കെട്ടിടങ്ങളിലെ വൈദ്യുതി വിച്ഛേദിച്ചു.

നിയമലംഘകര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ഗവര്‍ണററേറ്റിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പരിശോധന വ്യാപിപ്പിക്കുമെന്നും പരിശോധനയ്ക്ക് നേൃത്വം നല്‍കിയ എഞ്ചിനീയര്‍ വലീദ് അല്‍ ദഅര്‍ വ്യക്തമാക്കി. എഅതേസമയം നിയമലംഘനവുമായി ബന്ധപ്പെട്ട് ലഭിക്കുന്ന വിവരങ്ങള്‍ മുന്‍സിപ്പാലിറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റിലൂടെയോ 139 എന്ന ഹോട്ട്ലൈന്‍ വഴിയോ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. 

ഇവരെ പൂര്‍ണമായും ഒഴിപ്പിക്കുന്നതു വരെ നടപടി തുടരുമെന്നും കുടുംബത്തിന്‍റെ കൂടെയല്ലാതെ സ്വകാര്യ പാര്‍പ്പിട മേഖലകളില്‍ താമസിക്കുന്ന വിദേശി ബാച്ചിലര്‍മാര്‍ക്ക് താമസസൗകര്യം നല്‍കിയാല്‍ 1000 ദീനാര്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. നിയമം ലംഘിച്ചാല്‍ ആദ്യത്തെ തവണ 500 ദീനാറും നിയമലംഘനം ആവര്‍ത്തിച്ചാല്‍ 1000 ദീനാറുമാണ് കെട്ടിട ഉടമകള്‍ക്ക് പിഴ ചുമത്തുന്നത്.