ഇറാൻ ആക്രമണങ്ങൾ തുടരുന്നതിനിടെ അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം നാളെ. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം സംഘടിപ്പിക്കുന്നത്.

റിയാദ്: വിവിധ അറബ് രാജ്യങ്ങൾക്കെതിരെ ഇറാൻ നടത്തുന്ന നീക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി അറബ് ലീഗ് വിദേശകാര്യ മന്ത്രിമാരുടെ അടിയന്തര യോഗം ഞായറാഴ്ച (മാർച്ച് എട്ട്) ചേരും. സുരക്ഷാ മുൻകരുതലുകൾ പാലിച്ച് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം സംഘടിപ്പിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

അറബ് രാഷ്ട്രങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റം, അന്താരാഷ്ട്ര നിയമങ്ങളുടെയും ഉടമ്പടികളുടെയും ലംഘനം, അയൽരാജ്യങ്ങൾ പാലിക്കേണ്ട മര്യാദകളുടെ നഗ്നമായ ലംഘനം എന്നിവയാണ് യോഗത്തിലെ പ്രധാന ചർച്ചാവിഷയങ്ങൾ. മേഖലയിലെ സമാധാന അന്തരീക്ഷം തകർക്കുന്ന രീതിയിലുള്ള ഇറാെൻറ ഇടപെടലുകൾ ഗൗരവത്തോടെ കാണണമെന്ന് അറബ് ലീഗ് വ്യക്തമാക്കി. സൗദി അറേബ്യ, ജോർദാൻ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, കുവൈത്ത്, ഈജിപ്ത് എന്നീ രാജ്യങ്ങൾ സംയുക്തമായി ഉന്നയിച്ച ആവശ്യപ്രകാരമാണ് ഈ അസാധാരണ മന്ത്രിതല യോഗം വിളിച്ചുചേർത്തിരിക്കുന്നത്. മേഖലയിലെ സുരക്ഷാ വെല്ലുവിളികൾ നേരിടുന്നതിനും ഏകീകൃത നിലപാട് സ്വീകരിക്കുന്നതിനും യോഗം നിർണായകമാകും.

 ഇന്ത്യ-സൗദി പ്രതിനിധി തല കൂടിക്കാഴ്ച

റിയാദ്: സൗദി അറേബ്യയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്നതിെൻറ ഭാഗമായി സൗദി വിദേശകാര്യ ഡെപ്യൂട്ടി മന്ത്രി എൻജി. വലീദ് ബിൻ അബ്ദുൽകരീം അൽഖുറൈജിയും സൗദിയിലെ ഇന്ത്യൻ അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാനും കൂടിക്കാഴ്ച നടത്തി. റിയാദിലെ വിദേശകാര്യ മന്ത്രാലയ ആസ്ഥാനത്ത് വെച്ച് നടന്ന ഔദ്യോഗിക സ്വീകരണത്തിനിടയിലായിരുന്നു ഇരുവരും തമ്മിലുള്ള ചർച്ചകൾ. സൗദി-ഇന്ത്യ ബന്ധത്തിന്‍റെ നിലവിലെ സാഹചര്യം വിശദമായി അവലോകനം ചെയ്ത കൂടിക്കാഴ്ചയിൽ, വിവിധ മേഖലകളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെക്കുറിച്ച് സംസാരിച്ചു. ഇരു രാജ്യങ്ങൾക്കും താൽപ്പര്യമുള്ള പ്രധാനപ്പെട്ട പ്രാദേശിക വിഷയങ്ങളും ഏറ്റവും പുതിയ രാജ്യാന്തര സംഭവവികാസങ്ങളും ചർച്ചയിൽ ഇടംപിടിച്ചു. ഏറ്റവും പുതിയ പ്രാദേശിക സംഭവവികാസങ്ങളും അവലോകനം ചെയ്തു.